വൈക്കം: വല വീശാതെ വാഴയില തണ്ടും പരുത്തിക്കോലും ഉപയോഗിച്ച് മീൻ പിടിച്ചു ശ്രദ്ധ നേടുകയാണ് വൈക്കത്തെ കായൽ പുഴയോര പ്രദേങ്ങളിലുള്ളവർ.
നേരേക്കടവ് അക്കരപ്പാടം, ഇത്തിപ്പുഴ എന്നിവടങ്ങളിലെ ഉൾനാടൻ ജലാശയങ്ങളിലാണ് മീൻ പിടിക്കാനെത്തുന്നവർ കൗതുക ജനകമായ പരന്പരാഗത രീതി അവലംബിക്കുന്നത്.
കണ്ണാടി പോലെ തെളിഞ്ഞ നാട്ടുതോടുകളിലെ കരിമീൻ, പള്ളത്തി, പരൽ തുടങ്ങിയ മീനുകളാണ് ഇവർ പിടിക്കുന്നത്. ഇരു കൈളിലായി നീട്ടി പിടിക്കുന്ന വാഴ ഇലതണ്ടും പരുത്തികന്പും തോട്ടിൽ നീന്തി തുടിക്കുന്ന മൽസ്യങ്ങളുടെ നേർക്കു നേർത്ത ശബ്ദത്തോടെ പിടിക്കുന്പോൾ മൽസ്യം ഭയന്ന് ചെളിയിൽ ഒളിക്കും.
ഈ സമയം മൽസ്യത്തെ മീൻപിടിത്തക്കാരൻ കൈപിടിയിലൊതുക്കും.ഒരേസമയം ചെറിയ മീനുകളാണെങ്കിൽ അഞ്ചിലധികവും കരിമീനുകളാണെങ്കിൽ രണ്ടെണ്ണവും ഇവർക്ക് ലഭിക്കുന്നു.
കിട്ടുന്ന മത്സ്യങ്ങളെ ഈർക്കിലികളിൽ കോർത്ത് വെള്ളത്തിലൂടെ വലിച്ചുതന്നെ കൊണ്ടുപോകുന്നു. ഒരു മണിക്കൂറിനകം ഒരു കിലോയിലധികം മത്സ്യമാണ് ഇവർക്കു ലഭിക്കുന്നത്.
തുടക്കത്തിൽ കുറച്ചുപേരാണ് കൗതുകകരമായ ഈ മീൻപിടിത്ത രീതിയുടെ ഭാഗമായതെങ്കിൽ കണ്ടറിഞ്ഞിപ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ വാഴയിലതണ്ടും പരത്തികന്പുമായി പരീക്ഷണത്തിനിറങ്ങുകയാണ്.