സ്വന്തംലേഖകൻ
തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുന്ന യുവാവിനെ പിടികൂടി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറന്പിൽ സനൂപ്(32) എന്ന സാന്പാർ സനൂപിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനനും പാർട്ടിയും ചേർന്നു പിടികൂടിയത്.
സനൂപ് ഫിഷിംഗ് സംബന്ധിച്ച ചാനൽ നടത്തുകയും സബ്സ്ക്രൈബേഴ്സ് ആയി വരുന്ന വിദ്യാർഥികളെയും ചെറുപ്പക്കാരെയും മീൻപിടിത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ മണലിപ്പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്കു വിളിച്ചുവരുത്തുകയും ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്നു സ്ഥിരം കസ്റ്റമേഴ്സാക്കി മാറ്റുകയുമാണു ചെയ്തിരുന്നത്.
ഇതിനായി പതിനായിരക്കണക്കിനു രൂപ വിലയുള്ള പത്തോളം ചൂണ്ടകൾ ഇയാൾ കൈവശം വച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ചു യൂട്യൂബ് വഴി ആളുകളെ ആകർഷിപ്പിച്ച് മയക്കുമരുന്നു വ്യാപാരം നടത്തി വരികയായിരുന്നു.
500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ വലയത്തിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
ഇത്തരത്തിലുള്ളവരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അന്വേഷണം ഉൗർജിതമാക്കും. കൗണ്സിലിംഗ്് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുന്നതിനും നടപടികൾ എടുക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനൻ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എം. സജീവ്, ടി.ആർ സുനിൽ കുമാർ, രാജേഷ്, രാജു, ഡ്രൈവർ റഫീക്ക് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.