പശ്ചിമബംഗാളിന്റെ സംസ്ഥാന മൃഗമാണ് “ബഗ്രോൾ’ എന്നു വിളിക്കുന്ന കാട്ടുപൂച്ച. മത്സ്യത്തെ വേട്ടയാടി ജീവിക്കുന്ന ഇവ ‘ഫിഷിംഗ് ക്യാറ്റ്’ എന്ന പേരിലും അറിയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന ഈ മീൻപിടിയൻ പൂച്ചകളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതി ഒരുക്കുകയാണ് ബംഗാൾ സർക്കാർ.
ഹൗറയിലെ ഗാർചുമുക് സുവോളജിക്കൽ ഗാർഡൻ ഈ പദ്ധതിക്കു മേൽനോട്ടം വഹിക്കും.
റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫിഷിംഗ് ക്യാറ്റിന്റെ വംശവർധനയ്ക്കായുള്ള പദ്ധതികൾ ഗാർചുമുക് സുവോളജിക്കൽ ഗാർഡനു പുറമെ സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിലെ ബാങ്കുര, ഝാർഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ചില വടക്കൻ മേഖലകളിലും നടപ്പിലാക്കും.
പദ്ധതി പ്രകാരം ജനിക്കുന്ന പൂച്ചകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പിന്നീടു തുറന്നുവിടും. സിലിഗുരിയിലെ ബംഗാൾ സഫാരി മൃഗശാലയിലേക്കും പൂച്ചകളെ മാറ്റും. സാധാരണ വീട്ടുപൂച്ചയുടെ ഇരട്ടി വലിപ്പമുള്ള കാട്ടുപൂച്ചയാണ് “ബഗ്രോൾ’. തണ്ണീർത്തടങ്ങളിലും കണ്ടൽക്കാടുകളിലുമാണ് വാസം.
പൂച്ചകൾ വെള്ളം സാധാരണ ഇഷ്ടപ്പെടാറില്ലെങ്കിലും ഫിഷിംഗ് ക്യാറ്റുകൾ നീന്തൽ വിദഗ്ധരാണ്. മത്സ്യത്തെ വേട്ടയാടാൻ വെള്ളത്തിൽ മുങ്ങാൻപോലും തയാർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്ക്-കിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും ഇവയെ കാണപ്പെടുന്നു.