ചെറുപുഴ: കഴിഞ്ഞ പ്രളയത്തില്‍ മലവെള്ളപ്പാച്ചിലില്‍ കൃഷിയും മത്സ്യക്കുളവും 400 മത്സ്യങ്ങളും നശിച്ച കര്ഷകന് കേരള ഫിഷറീസ് വകുപ്പ് നഷ്ടപരിഹാരമായി നല്‍കിയത് കേവലം 656 രൂപ.
രണ്ടു കിലോ മത്സ്യത്തിന് ഇതിലും കൂടുതല്‍ വില കിട്ടുമെന്നിരിക്കെയാണ് കര്‍ഷകരെ സഹായിക്കേണ്ട ഫിഷറീസ് വകുപ്പ് തുച്ഛമായ സംഖ്യ നഷ്ടപരിഹാരമായി നല്‍കിയത്.
ചെറുപുഴ പഞ്ചായത്തില്‍ കോക്കടവിലെ പാത്രപാങ്കല്‍ ജോഷിക്കാണ് ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് കയ്പേറിയ അനുഭവമുണ്ടായത്.
പ്രളയത്തില്‍ ജോഷിയുടെ മത്സ്യക്കുളവും ഒരുകിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കവുമുള്ള 400 മത്സ്യങ്ങളും പൂര്‍ണമായും നശിച്ചിരുന്നു.
നഷ്ടപരിഹാരത്തിനായി ജോഷി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ഫിഷറീസ് അധികൃതരെത്തി പരിശോധന നടത്തുകയും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
അപേക്ഷ തയാറാക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതിനുമൊക്കെയായി ജോഷിക്ക് വലിയൊരു തുക ചെലവായിരുന്നു.
മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ജോഷിയുടെ അക്കൗണ്ടില്‍ പണമെത്തിയത്. അധികൃതരില്‍നിന്നു ലഭിക്കുന്ന ഇത്തരം അവഗണനകളാണ് കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്ന് ജോഷി പറഞ്ഞു.
പലതവണ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ജോഷിയുടെ മത്സ്യക്കുളത്തിലെത്തിയാണ് മറ്റു കര്‍ഷകര്‍ക്ക് മത്സ്യക്കൃഷിയെക്കുറിച്ച് ക്ലാസെടുത്തിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.
മത്സ്യക്കുളത്തില്‍ ജോഷി ഇട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റിനുതന്നെ 20,000 രൂപ വിലയുണ്ടായിരുന്നു. ആകെ 25 സെന്റ് സ്ഥലമാണ് ഇദ്ദേഹത്തിനുള്ളത്. അതില്‍ മാതൃകാപരമായി കൃഷിചെയ്തു ശ്രദ്ധനേടിയ യുവ കര്‍ഷകനാണ് ജോഷി.
പ്രളയത്തിനുശേഷം മത്സ്യക്കുളം പുനര്‍നിര്‍മിക്കുന്നതിനും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനും ജോഷിക്കു സഹായം നല്‍കിയത് കൃഷിത്തോട്ടം ഗ്രൂപ്പെന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ്.
400 മത്സ്യക്കുഞ്ഞുങ്ങളെയും കുളത്തില്‍ വെള്ളം സംഭരിച്ചുനിര്‍ത്താന്‍ 20,000 രൂപ വിലയുള്ള പ്ലാസ്റ്റിക് ഷീറ്റും ഈ കൂട്ടായ്മയാണ് ജോഷിക്കു നല്‍കിയത്.