എരുമേലി: കോവിഡ് രോഗത്തിനൊപ്പം ന്യൂമോണിയയും പിന്നെ ഹൃദയാഘാതവും ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞ യുവാവ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ കടയിൽ നിന്നു വാങ്ങിയ മത്സ്യം കഴിച്ച് അവശ നിലയിലായി.
പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മത്സ്യ വിൽപ്പന ശാലയിൽ പരിശോധന നടത്തി.
ഇന്നലെ എരുമേലിയിലാണ് സംഭവം. ശ്രീനിപുരം തെങ്ങുംതോട്ടം ഷിബു (39) ആണ് എരുമേലി ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്.
കഴിഞ്ഞയിടെ ഷിബു കോവിഡ് പോസിറ്റീവ് ആയി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആദ്യവും തുടർന്ന് ന്യുമോണിയ ബാധിച്ചതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞു.
രോഗം ഭേദമായി തുടങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായി അടിയന്തര സർജറിക്ക് വിധേയനായി. തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുമ്പോഴാണ് രണ്ട് കിലോ നത്തോലി മത്സ്യം എരുമേലിയിൽ നിന്ന് വാങ്ങിയത്.
വീട്ടിൽ എത്തി കുറച്ച് മത്സ്യം പാകം ചെയ്ത് കഴിച്ചതോടെ വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് പറയുന്നു.
അവശേഷിച്ച മത്സ്യം കേടായ നിലയിലായിരുന്നെന്നും ഇത് കുഴിച്ചു മൂടിയെന്നും പരാതി നൽകിയ ഷിബു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
തുടർന്നാണ് ആരോഗ്യ വകുപ്പിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കടകളിൽ പരിശോധന നടന്നത്.
കൃത്യമായ അനുപാതത്തിൽ ഐസ് ഇട്ടല്ല കടകളിൽ മത്സ്യം സൂക്ഷിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഇത് സംബന്ധിച്ച് കട ഉടമകൾക്ക് നോട്ടീസ് നൽകിയെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയിടെ മുക്കൂട്ടുതറയിൽ നിന്ന് രണ്ട് തവണ പഴകിയ മത്സ്യം പിടികൂടുകയും കട അടപ്പിക്കുകയും ചെയ്തിരുന്നു. ലൈസൻസ് ഇല്ലാതെ മത്സ്യ വിൽപ്പന വ്യാപകമായെന്ന് നാളുകളായി പരാതി ശക്തമാണ്.
അതേസമയം പഴകിയ മത്സ്യം വിറ്റെന്ന പരാതി വാസ്തവ രഹിതമാണെന്ന് കട ഉടമ ഉദ്യോഗസ്ഥരെ അറിയിച്ചു. കേടായ മത്സ്യം വിൽപ്പനയ്ക്കായി വാങ്ങാറില്ലെന്ന് വ്യാപാരികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.