വൈപ്പിന്‍: കോവിഡ് നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തില്‍ കടലില്‍നിന്നു പിടികൂടുന്ന മത്സ്യങ്ങളും ചെമ്മീനുകളും ഹാര്ബറുകളിലെത്തിക്കാതെ കടലില്‍ വച്ച് തന്നെ ഓണ്‍ലൈന്‍വഴി മൊത്തക്കച്ചവടം നടത്താന്‍ പരമ്പരാഗത ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ തൊഴിലാളികള്‍ ആലോചിക്കുന്നു.
കാളമുക്ക് ഗോശ്രീപുരം ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന 15ഓളം പരമ്പരാഗത ഇന്‍ബോര്‍ഡ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഹാര്‍ബറുകള്‍ തുറക്കുന്നതു വരെ മൊത്തവില്പന ഓണ്‍ലൈനാക്കാന്‍ ആലോചിക്കുന്നത്. ഹാര്‍ബര്‍ അടച്ചുപൂട്ടിയെങ്കിലും മത്സ്യബന്ധനത്തിനു നിരോധനമില്ലാത്ത സാഹചര്യത്തിലാണിത്.
രാവിലെ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങള്‍ മത്സ്യം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈന്‍ വഴി കച്ചവടം ഉറപ്പിച്ച് കണ്ടെയ്ൻമെന്റ് സോണല്ലാത്ത ഏതെങ്കിലും സ്ഥലത്ത് ഒരു കാരിയര്‍ വള്ളത്തില്‍ ചരക്ക് എത്തിച്ചു കൊടുക്കും.
ഓരോരുത്തരും ഇതുപോലെ കച്ചവടം ഉറപ്പിച്ച് പല വ്യാപാരികളുടെ സ്ഥലങ്ങളിലേക്ക് മത്സ്യം എത്തിച്ചു കൊടുക്കുമ്പോള്‍ ഒരിടത്തും തിരക്ക് ഉണ്ടാകില്ലെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് നിയമങ്ങള്‍ പാലിക്കപ്പെടുകയും ചെയ്യും.
നല്ലപോലെ കരിക്കാടി ചെമ്മീന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി ഹാര്‍ബര്‍ അടച്ചുപൂട്ടിയത്.
ഫിഷറീസ് അധികൃതരെ കാര്യങ്ങള്‍ അറിയിച്ച് അനുവാദം ലഭിച്ചാല്‍ തിങ്കളാഴ്ച മുതല്‍ വള്ളങ്ങള്‍ മത്സ്യബന്ധനത്തിനു പോയി പുതിയ രീതിയില്‍ കച്ചവടം നടത്തുമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ലാ സെക്രട്ടറി പി.വി. ജയന് പറഞ്ഞു.