വൈക്കം: വേന്പനാട്ടു കായലിലും ബന്ധപ്പെട്ട ഉൾനാടൻ ജലാശയങ്ങളിലും മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ.
തണ്ണീർമുക്കം ബണ്ട് തുറന്നു മഴക്കാലമെത്തുന്നതോടെ വേന്പനാട്ടുകായലിൽനിന്നു സുലഭമായി ലഭിച്ചിരുന്ന ചെമ്മീൻ ഇനങ്ങളും കൊഞ്ചും കരിമീനും പേരിനുപോലും കിട്ടാതെ വന്നതാണ് ഉൾനാടൻ മത്സ്യമേഖലയെ വറുതിയിലേയ്ക്കു തള്ളിവിടുന്നത്.
വേന്പനാട്ടു കായലിൽ വൻതോതിൽ ലഭിച്ചിരുന്ന തെള്ളി ചെമ്മീൻ ഈ സീസണിൽ ലഭിച്ചില്ല.
വൻ തുക ചെലവഴിച്ചു മത്സ്യത്തൊഴിലാളികൾ ഒരുക്കിയ ഉൗന്നിവലകൾ ഉപയോഗിച്ചു മൂന്നു ദിവസം മാത്രമാണ് മൽസ്യ ബന്ധനം നടത്താനായത്. മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായതോടെ ഭൂരിഭാഗം തൊഴിലാളികളും മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്.
മികച്ച വില ലഭിച്ചിരുന്ന കൊഞ്ച്, കരിമീൻ, നാരൻ ചെമ്മീൻ തുടങ്ങിയവ കുറഞ്ഞ അളവിൽ പോലും ലഭിക്കാത്തത് തിരിച്ചടിയായി. ഫിഷറീസ് നിക്ഷേപിച്ച വളർത്തുമീനുകൾ ചെറിയ തോതിൽ ലഭിക്കുന്നുണ്ട്.
മുൻ കാലങ്ങളിൽ കൂടുതലായി കിട്ടിയിരുന്ന കട്ല, വട്ടേരി തുടങ്ങിയ മത്സ്യങ്ങൾ നാമമാത്രമായി പോലും ലഭിക്കാതെയായി. മുൻകാലങ്ങളിലൊന്നും ഉണ്ടാകാത്ത മത്സ്യലഭ്യത കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ വൈകി തുറന്നത് തിരിച്ചടിയായി
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ നാലു മാസത്തോളം വൈകി തുറന്നതാണ് വേന്പനാട്ടു കായലടക്കമുള്ള ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസന്പത്തിന്റെ ശോഷണത്തിനിടയാക്കിയതെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തൽ.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നു വേന്പനാട്ടു കായലിലെ ഓരു ജലം ലവണാംശം കുറവായ വെള്ളവുമായി സ്വഭാവികമായി കലരുന്പോഴാണ് കുറെയധികം മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്.
തെള്ളി, നാരൻ ചെമ്മീനുകളും കൊഞ്ചുമൊക്കെ ഈ കാലയളവിലാണ് വളർന്നു വലുതാകുന്നത്. ഇത്തവണ തണ്ണീർമുക്കം ബണ്ട് കൂടുതൽ കാലം അടച്ചിട്ടതോടെ പ്രകൃതിയുടെ താളം തെറ്റി.
വേന്പനാട്ടു കായലിൽ നീരൊഴുക്കു ശക്തിപ്പെടുത്താനായി തണ്ണീർമുക്കം ബണ്ടിലെ മണ്ചിറ നീക്കി മൂന്നാംഘട്ടം ഷട്ടറുകളോടു കൂടിയ പാലമാക്കി പുനർനിർമിച്ചെങ്കിലും മണ്ചിറ പൂർണമായി നീക്കാത്തത് നീരൊഴുക്കു തടസപ്പെടുത്തുകയാണ്. ഈ ഭാഗത്ത് ഒന്നര മീറ്റർ ആഴം മാത്രമേ ഉള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
തണ്ണീർമുക്കം ബണ്ടിനു സമീപം കായലിൽ ദിനംപ്രതി നിരവധി വാഹനങ്ങളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്.
മാലിന്യം തള്ളുന്ന ഭാഗങ്ങളിൽ മലിനീകരണത്തിന്റെ രൂക്ഷത മൂലം ചെറു മത്സ്യത്തെ പോലും കാണാൻ കഴിയുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
വേന്പനാട്ടു കായലിൽ വൻതോതിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും ഫാക്ടറികളിൽനിന്നും കൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽനിന്നു ജലാശയത്തിൽ കലരുന്ന രാസമാലിന്യങ്ങളും മത്സ്യസന്പത്തിനു ഭീഷണി ഉയർത്തുന്നു.
പുല്ലും പോളപായലും ഭീഷണി
വേന്പനാട്ടു കായലിലും പുഴകളിലും ഇടയാറുകളിലുമൊക്കെ കനത്ത തോതിൽ നിറഞ്ഞ പോള പായലും പുല്ലും മത്സ്യത്തൊഴിലാളികളുടെ വലകൾക്കു കനത്ത നാശമാണു വരുത്തുന്നത്.
കായലിനു കുറുകെ വലകൾ ബന്ധിക്കാനായി മത്സ്യത്തൊഴിലാളികൾ നാട്ടിയ നീളം കൂടിയ അടയ്ക്കാമര കുറ്റികൾ ശക്തമായ ഒഴുക്കിൽ പായൽ വന്നടിഞ്ഞ് ഒടിഞ്ഞു നശിക്കുന്നത് മൂലം മത്സ്യത്തൊഴിലാളികൾക്കു ഭീമമായ നഷ്ടമാണുണ്ടാകുന്നത്.
ഏറെ പണം മുടക്കി വളരെ ദൂരെനിന്നെത്തിക്കുന്ന അടക്കാമരക്കുറ്റികൾ കായലിൽ നിരവധി തൊഴിലാളികളുടെ സഹായത്തോടെയാണ് താഴ്ത്തുന്നത്. ചീഞ്ഞളിഞ്ഞ് താഴുന്ന പോളപായൽ ശക്തമായ ഒഴുക്കിൽ വലകൾക്കുള്ളിലകപ്പെട്ട് വലകൾ പൊട്ടി വലയ്ക്കു നാശം സംഭവിക്കുന്നതിനൊപ്പം മത്സ്യവും നഷ്ടപ്പെടുന്നു.
വേന്പനാട്ടു കായലിലെ പല ഭാഗത്തും തകർന്ന ഉൗന്നിക്കുറ്റികൾ മാറ്റി വലകൾ അറ്റകുറ്റപ്പണികൾ നടത്തി മത്സ്യബന്ധനത്തിനു സജ്ജമാക്കാൻ സർക്കാർ ധനസഹായം നൽകണമെന്ന മുറവിളി തൊഴിലാളികൾ ഉയർത്തിയെങ്കിലും സഹായം ലഭിച്ചില്ല.
ഉപജീവനത്തിനു പുറമെ കടബാധ്യതകൾ തീർക്കുന്നതിനുമൊക്കെ ഉപകരിക്കുമായിരുന്ന ഒരു സീസണ് ഇക്കുറി വെറുതെയായി പോകുന്നതിന്റെ നഷ്ടബോധത്തിലാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ.
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മത്സ്യമേഖലയിലെ തൊഴിലാളികളെ പരിരക്ഷിക്കാൻ സർക്കാർ ആശ്വാസ നടപടികൾ സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.