കടുത്തുരുത്തി: സാമൂഹ്യവിരുദ്ധർ മത്സ്യക്കുളത്തിന്റെ വാൽവ് തുറന്നുവിട്ടതിനെത്തുടർന്ന് വെള്ളം മുഴുവൻ ഒഴുകിപ്പോയതോടെ ചെറുതും വലുതുമായ എണ്ണായിരത്തോളം മത്സ്യങ്ങൾ ചത്തു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായത്. ഇരവിമംഗലം കൊച്ചുപറന്പിൽ ജോസ് (സൈജു) വീടിന് സമീപം നടത്തുന്ന അക്വാ പോണിക് ഫിഷ് ഫാമിന്റെ വാൽവാണ് വെള്ളിയാഴ്ച രാത്രിയിൽ സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടത്.
ഇന്നലെ രാവിലെ ആറോടെ സൈജു ഫാമിലെത്തിയപ്പോഴാണ് വെള്ളമില്ലാതെ മത്സ്യം മുഴുവൻ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയത്. 2,500 കിലോയിലേറെ മത്സ്യമാണ് നശിച്ചത്. 300 മുതൽ 550 ഗ്രാം വരെ തൂക്കമുണ്ടായിരുന്ന നാലായിരത്തോളം വലിയ മത്സ്യവും 30 ഗ്രാം തൂക്കം വരുന്ന ഇത്രതന്നെ മത്സ്യക്കുഞ്ഞുങ്ങളുമാണ് നശിച്ചത്.
വിവരമറിഞ്ഞ് കടുത്തുരുത്തി എസ്എച്ച്ഒ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും വാർഡ് മെന്പർ ബിജു മറ്റപ്പള്ളിയും സൈജുവിന്റെ വീട്ടിലെത്തിയിരുന്നു.
നഷ്ടമായത് ഒന്നരവർഷത്തെ അധ്വാനവും സ്വപ്നങ്ങളും
കടുത്തുരുത്തി: പതിനാലു വർഷത്തോളം പ്രവാസിയായിരുന്ന ഇരവിമംഗലം കൊച്ചുപറന്പിൽ സൈജു കുടുംബവുമൊന്നിച്ചു കഴിയാമെന്ന ആഗ്രഹത്തോടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്.
ഒന്നര വർഷം മുന്പ് നാട്ടിലെത്തിയ സൈജു പല ബിസിനസുകളെ കുറിച്ചും പഠിച്ച ശേഷമാണ് വീടിന് സമീപം തന്നെ മത്സ്യകൃഷി ആരംഭിക്കാൻ തീരുമാനിച്ചത്. തുടർന്ന് വീടിനു സമീപത്തായി കുഴിയെടുത്തു അക്വാ പോണിക് ഫിഷ് ഫാം പ്രവർത്തനമാരംഭിച്ചു.
പ്ലാന്റിന്റെ നിർമാണത്തിനായി എട്ടു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചതെന്ന് സൈജു പറയുന്നു. പിന്നീട് സർക്കാരിന്റെ ലൈസൻസ് കരസ്ഥമാക്കിയ ശേഷം വിജയവാഡയിൽ പോയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട ആണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി ഫാമിൽ നിക്ഷേപിച്ചത്.
ഒരു മത്സ്യക്കുഞ്ഞിന് പത്തുരൂപയാണ് വില നൽകിയത്. പ്ലാന്റിന് ചെലവഴിച്ചത് കൂടാതെ, മത്സ്യക്കുഞ്ഞുങ്ങളുടെയും വൈദ്യുതിയുടെയും തീറ്റയുടെയു ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപ വീണ്ടും മുടക്കിയെന്ന് സൈജു പറയുന്നു.
ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ഫാമിൽ നിന്നും ഒരാഴ്ച മുന്പാണ് വിളവെടുപ്പ് നടത്തി മത്സ്യവിൽപന ആരംഭിച്ചത്. ദിവസം 70 കിലോ വരെ മത്സ്യം വിറ്റിരുന്നു. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടം സൈജു തനിച്ചു നേരിടേണ്ടി വരും.