ചാവശേരി: സിനിമാ പ്രൊഡക്ഷൻ കൺട്രോളറുടെ മത്സ്യക്കടയിൽ എത്തിയ താരങ്ങൾ നാട്ടുകാർക്ക് കൗതുകമായി.
ചാവശേരി പത്തൊമ്പതാം മൈലിലെ മഹറൂഫ് പിണറായിയുടെ മത്സ്യക്കടയിലാണ് താരങ്ങൾ എത്തിയത്.
മത്സ്യം വാങ്ങാനെത്തിയവർ മത്സ്യം എടുത്തു നൽകുന്നവരെ കണ്ട് ആദ്യം അന്പരന്നെങ്കിലും പിന്നെ കൗതുകമായി.
സിനിമയിൽ മാത്രം കണ്ടവരെ നേരിൽ കണ്ട സന്തോഷത്തിലായിരുന്നു മത്സ്യക്കട പരിസരത്ത് തടിച്ചുകൂടിയവർ.
പാവപ്പെട്ടവരെ കണ്ടെത്തി അവർക്ക് സൗജന്യമായി മത്സ്യവും ഇറച്ചിയും നൽകിയും പഠനോപകരണങ്ങളും സഹായങ്ങളും നൽകിയും മഹറൂഫും കടയും മുമ്പേ ജനങ്ങൾക്കിടയിലുണ്ട്.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ സ്ഫടികത്തിൽ എസ്ഐ കുറ്റിക്കാടനായ സ്ഫടികം ജോർജും മലയാളികളെ ഏറെ ചിരിപ്പിച്ച കുളപ്പുള്ളി ലീലയുമായിരുന്നു മത്സ്യക്കടയിലുണ്ടായിരുന്നത്.
കാൽ നൂറ്റാണ്ടു കാലം മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പ്രൊഡക്ഷൻ കൺട്രോളറായും മറ്റും ജോലി ചെയ്തിരുന്നു മഹറൂഫ്.
അങ്ങനെ ഒരു സിനിമയുടെ ചർച്ചയ്ക്ക് വേണ്ടി മട്ടന്നൂരിൽ എത്തിയപ്പോഴാണ് മഹറൂഫ് കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതായി ഇവർ അറിഞ്ഞത്.
ഇരുവരും അപ്രതീക്ഷിതമായാണ് മഹറൂഫിന്റെ കടയിലെത്തിയത്. പ്രയാസങ്ങൾക്കിടയിലും പാവപ്പെട്ടവർക്ക് സഹായങ്ങൾ ചെയ്യുന്ന മഹറൂഫിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ലീല പറഞ്ഞു.
കടയിലെത്തിയവർക്കെല്ലാം സൗജന്യമായി മത്സ്യം നൽകുകയും ചെയ്തു. താരങ്ങളാണ് മീൻ വിതരണം ചെയ്തത്.
മത്സ്യം വാങ്ങാനെത്തിയവർ താരങ്ങളോടൊപ്പം സെൽഫിയെടുക്കാനും മറന്നില്ല. അര മണിക്കൂറോളം ഇരുവരും മത്സ്യമാർക്കറ്റിൽ ചെലവഴിച്ചാണ് നാട്ടിലേക്കു മടങ്ങിയത്.