അഞ്ചല്‍ : കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് ജോലി നഷ്ട്ടമായി തിരിച്ചെത്തിയ അഞ്ചല്‍ പനച്ചിവിള കുമരംചിറ വീട്ടില്‍ അഖിലേഷ് ഏറെ പ്രതീക്ഷയോടെയാണ് സ്വന്തം വീട്ടുവളപ്പില്‍ പടുതാക്കുളം മത്സ്യ കൃഷി ആരംഭിച്ചത്.
ജോലി നഷ്ടപ്പെട്ട മകന് ജീവിതോപാധി കണ്ടെത്തിയ സന്തോഷത്തിലായിരുന്നു മാതാവ് മല്ലികയും.
സര്‍ക്കാര്‍ സബ്സിഡിക്ക് പുറമേ മാതാവ് കുടുംബശ്രീയില്‍ നിന്നും വായ്പ്പ എടുത്ത് നല്കിയ ഒരുലക്ഷം രൂപയും സുഹൃത്തുക്കളുടെ പക്കല്‍ നിന്നും കടം വാങ്ങിയതുമടക്കം രണ്ടു ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സ്യ കൃഷിയില്‍ വ്യാപൃതനായിരുന്ന അഖിലേഷ് വിളവെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിവരാവേയാണ് സാമൂഹികവിരുദ്ധരുടെ ക്രൂരത.
കഴിഞ്ഞ ദിവസം രാവിലെ കുളത്തിനടുത്ത് എത്തിയ അഖിലേഷ് കാണുന്നത് മത്സ്യങ്ങള്‍ കൂട്ടമായി ചത്ത് വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതാണ്. ആയിരം കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്.
വിളവെടുപ്പ് പൂര്‍ത്തിയാക്കി കടങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന അഖിലേഷും മാതാവും ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥിയിലാണ്.
സുഹൃത്തുക്കളുടെ സഹായത്തോടെ ചത്ത മത്സ്യങ്ങളെ കുളത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. വെള്ളം പരിശോധനക്കായി അയച്ചുകഴിഞ്ഞു. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.