പത്തനംതിട്ട: ഭക്ഷണശാലകളിൽ പരിശോധനയ്ക്കിറങ്ങിയാൽ പിടികൂടുന്നത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങൾ.
മാർക്കറ്റുകളിൽ എത്തിയാൽ പഴകിയതും രാസവസ്തുക്കൾ കലർത്തിയ മത്സ്യം, മാംസ വ്യാപാര ശാലകളിലാകട്ടെ നിയമങ്ങൾ നോക്കുകുത്തി, പച്ചക്കറികളും പഴവർഗങ്ങളും കേടാകാതെയിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു,…
ഇങ്ങനെ പത്തനംതിട്ടക്കാർക്കു ഭക്ഷണ സാധനങ്ങളെ സംബന്ധിച്ച പരാതികൾ ഒഴിയുന്നില്ല.
ശബരിമലയിലേക്കടക്കം തീർഥാടകരും ഇതര സംസ്ഥാനക്കാരും പുറമേ നിന്നുള്ള വിദ്യാർഥികളും കൂടാതെ സംസ്ഥാന പാതകളിലൂടെയുള്ള സഞ്ചാരികളും അടക്കും കടന്നുവരുന്ന ജില്ലയിൽ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ, പാനീയങ്ങൾ വിതരണം ചെയ്യുന്നതു തടയാൻ ആരുമില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു.
നിരോധിക്കപ്പെട്ട കന്പനികളുടെ പാൽ വരെ പേരുമാറ്റി വിപണിയിലെത്തിക്കുന്നുണ്ട്. ഗുണനിലവാര പരിശോധനയില്ലാത്ത കുടിവെള്ളം വരെ കുപ്പികളിലാക്കി വില്പന നടത്തുണ്ട്.
നിയമങ്ങൾക്കു പുല്ലുവില…
ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷ നിയമങ്ങൾക്കു പുല്ലുവില.
ഭക്ഷണം പാചകം ചെയ്യുന്നതു മുതൽ വിളന്പുന്നതുവരെ ശുചിത്വ പാലനവുമായി ബന്ധപ്പെട്ടു സർക്കാർ നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്.
എന്നാൽ, ലൈസൻസ് നേടിയാൽ പിന്നെ പ്രവർത്തനങ്ങൾ തോന്നുംപടി. വൃത്തിഹീനമായ സാഹചര്യമാണ് പലേടത്തും. അടുക്കളയും ശൗചാലയവും കിണറുമെല്ലാം ഇവിടങ്ങളിൽ ചുറ്റുവട്ടത്തിലാണ്.
പരിശോധന പരിമിതം
ശബരിമല തീർഥാടന കാലത്തു മാത്രമാണ് ഭക്ഷ്യസുരക്ഷ പരിശോധന ജില്ലയിൽ സജീവമാകുന്നത്.
ഭക്ഷണം പാചകം ചെയ്തു വില്പന നടത്തുന്ന എല്ലാ സ്ഥലങ്ങളിലും പരിശോധനയ്ക്കുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കുമുള്ളതാണ്.
എന്നാൽ, പലയിടത്തും അതുമുണ്ടാകുന്നില്ല. ഗുണമേൻമ പരിശോധനയ്ക്കായി ലാബോറട്ടറി സംവിധാനങ്ങൾ അടക്കം പത്തനംതിട്ട ജില്ലയിലുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭ്യമാകുന്നില്ല.
മീൻ വരുന്ന വഴി
ട്രോളിംഗ് നിരോധനം നിലനിൽക്കുന്പോഴും പത്തനംതിട്ടയിൽ മത്സ്യ വിപണിക്കു മാന്ദ്യമില്ല.
പക്ഷേ വള്ളങ്ങളിലെത്തുന്ന മത്സ്യമെന്ന പേരിൽ വിപണി സജീവം. മത്സ്യക്ഷാമമുണ്ടെന്ന പേരിൽ ഉയർന്ന വിലയും വാങ്ങുന്നു.
തൂത്തുക്കുടി, വിശാഖപട്ടണം മേഖലകളിൽനിന്നുള്ള മത്സ്യമാണ് പത്തനംതിട്ടയിൽ വില്പനയ്ക്കെത്തുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട വിപണിയിലേക്ക് കൊണ്ടുവന്ന പഴകിയ മത്തി ശേഖരമാണ് ആര്യങ്കാവിലെ കേരള അതിർത്തിയിൽ പിടികൂടി നശിപ്പിച്ചത്.
പഴം വിപണിയിൽ
പഴം വിപണിയിൽ കാർബൈഡ് ഉപയോഗത്തെ സംബന്ധിച്ച പരാതികൾ വ്യാപകം. മാന്പഴം വിപണിയിലെത്തുന്പോഴാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.
തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്ന ചെറുപഴങ്ങളിൽ പോലും രാസവസ്തു പ്രയോഗം നടത്തിയതായി കണ്ടെത്തിയിരുന്നു.
വാഴക്കുലകൾ പ്രത്യേകതരം രാസലായനിയിൽ മുക്കിയാണ് കേരളത്തിലേക്ക് അയയ്ക്കുന്നത്. ഇതു പഴുപ്പിച്ച് വിപണിയിലെത്തുന്പോൾ കേടുകൂടാതെ ഇരിക്കും.
ഞാലിപ്പൂവൻ പഴത്തിലാണ് ഇതിന്റെ പ്രയോഗം കൂടുതലായി ഉള്ളത്. വിപണിയിൽ 90 രൂപവരെ ഇപ്പോൾ ഞാലിപ്പൂവനുണ്ട്.