തൃശൂർ: മലയാളികളുടെ ഇഷ്ടമത്സ്യങ്ങളായ അയലയ്ക്കും മത്തിക്കും വിലകുറഞ്ഞു. 300 രൂപവരെ ഉയർന്ന അയലയ്ക്ക് 80 രൂപയും മത്തിക്ക് 50, 60 രൂപയുമാണ് ഇപ്പോഴത്തെ വില.
ഇതിൽ വലിയ അയലയ്ക്ക് നൂറും നാടൻ നെയ്ചാളയ്ക്ക് 150 രൂപവരെ മാത്രമാണു വില. വിലത്തകർച്ച കച്ചവടക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും ഗുണകരമല്ലെങ്കിലും മത്സ്യഭക്ഷണപ്രിയർക്ക് ആഘോഷനാളുകളാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മത്സ്യങ്ങൾക്കു വിലകുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടുമാസം മുമ്പുവരെ ചാളയ്ക്ക് കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്നു.
മത്സ്യലഭ്യത കൂടിയതാണ് വിലക്കുറവിന് കാരണം. ട്രോളിംഗ് നിരോധനവും മഴക്കാലത്ത് കടലിൽ പോകാനുള്ള വിലക്കും കടലിൽ മത്സ്യക്കൂട്ടങ്ങൾ പെരുകാനിടയാക്കി.
മഴക്കാലമായതോടെ ചൂടകന്ന് തണുപ്പു കൂടിയപ്പോൾ മത്സ്യങ്ങൾ തീരങ്ങളോട് അടുത്ത് കൂടുതലായി വന്നുതുടങ്ങി. ഇപ്പോൾ മത്സ്യബന്ധനത്തിനു പോകുന്നവർക്കു ചാകരയ്ക്കു സമാനമായി ധാരാളം മത്സ്യങ്ങളെ കിട്ടുന്നുണ്ട്.
മംഗലാപുരം വേളാങ്കണ്ണി തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മത്സ്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ വിലക്കുറവുള്ളത്.
ഇത്തരം മീനുകൾ 40 മുതൽ 60 രൂപ വരെയ്ക്കാണു വിൽക്കുന്നത്. കന്നിമാസം മുതൽ മത്സ്യങ്ങൾക്കു പൊതുവെ വിലക്കുറവാണെങ്കിലും ഇത്രയും വിലക്കുറവ് അപൂർവമാണ്.
അഞ്ചുവർഷത്തിനിടെ ഇത്രയും വിലക്കുറവ് ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. ശബരിമല സീസൺ ആകുന്നതോടെ വിലക്കുറവ് തുടരാനുള്ള സാധ്യതയുണ്ട്.
എന്നാൽ, മഴയകന്നാൽ പെട്ടന്നുതന്നെ വില കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ഒാരോ ദിവസവും മത്സ്യങ്ങളുടെ വരവ് കൂടിയതോടെ വൈകുന്നേരത്തിനുള്ളിൽ വിറ്റുതീർക്കാൻ നഷ്ടം സഹിച്ചും വില കുറച്ച് വിൽക്കേണ്ട അവസ്ഥയിലാണ് ചെറുകിട കച്ചവടക്കാർ. മീൻ സ്റ്റോക്ക് ചെയ്യാൻ സംവിധാനമില്ലാത്തതാണ് കാരണം.
ആയിരം രൂപവരെ ഉണ്ടായിരുന്ന അറയ്ക്കയ്ക്കു 500 രൂപയാണ് വില. ചെമ്മീൻ 300, 250 രൂപയ്ക്കാണു വിറ്റഴിക്കുന്നത്.
കുടുത 100, ചൂര 140 എന്നിങ്ങനെയാണു വിലനിലവാരം. ആവോലി പോലുള്ള ചില മത്സ്യങ്ങൾക്കു മാത്രമാണു വിലക്കുറവ് ബാധിക്കാത്തത്.