നെടുങ്കണ്ടം: തൂക്കുപാലം മേഖലയിൽ പച്ചമീൻ കഴിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത് പതിവാകുന്നു.
ഏതാനും ദിവസങ്ങളായി തൂക്കുപാലം, പുഷ്പക്കണ്ടം, മുണ്ടിയെരുമ എന്നിവിടങ്ങളിലാണ് നിരവധി ആളുകൾക്ക് പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഇന്നലെ പുഷ്പക്കണ്ടം തെറ്റാലിക്കൽ ത്രേസ്യാമ്മ(60)യ്ക്ക് പച്ചമീൻ കഴിച്ചതിനെത്തുടർന്ന് ശരീരമാസകലം നീരുവയ്ക്കുകയും കുരുക്കൾ ഉണ്ടാവുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പച്ചമീൻ കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സ തേടുന്നത്.
കഴിഞ്ഞ ദിവസം വാങ്ങിയ മത്തി പാകം ചെയ്ത് കഴിച്ചതിനെത്തുടർന്നാണ് വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവർ കപ്പയ്ക്കൊപ്പം മത്തിക്കറി കഴിച്ചത്.
രാത്രി പത്തോടെ ദേഹമാസകലം ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. പുലർച്ചെ മൂന്നോടെ ദേഹമാസകലം നീരുവയ്ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തു.
തുടർന്ന് രാവിലെതന്നെ ഇവർ പട്ടംകോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. ഇന്നലെ ഉച്ചവരെ നിരീക്ഷണത്തിൽ കിടത്തിയശേഷം മരുന്ന് നൽകി വിട്ടയച്ചു.
സംഭവത്തിൽ പട്ടംകോളനി മെഡിക്കൽ ഓഫീസർ ഉടുന്പൻചോല ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് റിപ്പോർട്ട് നൽകി.
പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്ന കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തൂക്കുപാലത്ത് രണ്ടാം വട്ടവും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ അമോണിയ ചേർത്തതായി കണ്ടെത്തിയ 20 കിലോ കൊഴുവ പിടിച്ചെടുത്ത് നശിപ്പിച്ചു. തൂക്കുപാലത്ത് ഒരു മീൻകട മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നത്.
ഇവിടെനിന്നാണ് അമോണിയ ചേർത്ത മത്സ്യം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മീനിന്റെ സാന്പിളും ശേഖരിച്ചിട്ടുണ്ട്. കടയുടമയ്ക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.
കഴിഞ്ഞയാഴ്ച തൂക്കുപാലത്ത് നടത്തിയ പരിശോധനക്കിടെ ശേഖരിച്ച മത്സ്യങ്ങളുടെ സാന്പിളുകളിലും അമോണിയയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.
പച്ചമീൻ കഴിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ വല്യാറച്ചിറയിൽ പുഷ്പവല്ലി ചികിത്സ തേടിയ ആശുപത്രിയിൽനിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരായ അൻമേരി ജോണ്സണ്, സിജിമോൾ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.