കണ്ണെത്താദൂരത്തില്‍ പരന്നുകിടക്കുന്ന പുഴയോട് ചേര്‍ന്നുകിടക്കുന്ന വെള്ളക്കെട്ടുകള്‍ പ്രകൃതിക്കു മനോഹരിത സമ്മാനിക്കുന്നു.
ഇതില്‍ നിറയെ മല്‍സ്യങ്ങളാണ്. കരിമീനും ചെമ്മീനും ചെമ്പല്ലിയും കൊളോനും. അത്തോളി ഗ്രാമപഞ്ചായത്തില്‍ നമ്പ്യാട്ടംപുറം ഭാഗത്ത് പ്രകൃതിയൊരുക്കിയ മല്സ്യപ്പാടങ്ങള് കര്‍ഷകര്‍ക്ക് വലിയ വരുമാന മാര്‍ഗമാണ്. ഓരുജല മല്‍സ്യകൃഷിക്ക് പുകള്‍പെറ്റതാണ് ഈ മേഖല.
പ്രകൃതിദത്തമായ വെള്ളക്കെട്ടുകളില്‍ മല്‍സ്യം വളര്‍ത്തുന്നത് സ്വകാര്യ വ്യക്തികളാണ്. ആറ് ഹെക്ടര്‍ പ്രദേശത്തായി ഏഴ് മല്‍സ്യകൃഷി ഫാമുകള്‍ ഇവിടെയുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മല്‍സ്യകൃഷി നടത്തുന്ന പ്രദേശമാണിത്. കോരപ്പുഴയോടു ചേര്‍ന്ന പ്രദേശമാണ് മല്‍സ്യകര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറിയത്.
പുഴയില്‍നിന്ന് നേരിട്ട് വെള്ളം കറയുന്ന സ്ഥലമാണിത്. പുഴവെള്ളം നേരിട്ട് എത്തുന്നതിനാല്‍ മല്‍സ്യത്തിന്റെ രുചിക്ക് വ്യത്യാസം തീരെയില്ലെന്നതാണ് പ്രത്യേകത.
ഓരുജല മല്‍സ്യകൃഷിയും ശുദ്ധജല മല്‍സ്യകൃഷിയും നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. മൂന്നും നാലും സെന്റ് സ്ഥലത്ത് ശുദ്ധജല മല്‍സ്യകൃഷി നടത്തുന്ന നൂറുകണക്കിനു കര്‍ഷകരുണ്ട്.
അത്തോളിയിലെ വെള്ളക്കെട്ടുകളില്‍ ഓരുജല മല്‍സ്യ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വിപണി തേടി അലയേണ്ട ആവശ്യമില്ല.
ആവശ്യക്കാര്‍ ഇവിടെ എത്തിക്കൊള്ളും. അവരുടെ രുചിക്കനുസരിച്ച് വെള്ളക്കെട്ടില്‍ നിന്ന് മല്‍സ്യത്തെ പിടിച്ച് കൈമാറും.
ഫിഷറീസ് വകുപ്പ് മല്‍സ്യകൃഷി പ്രോല്‍സാഹനത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് മല്‍സ്യകുഞ്ഞുങ്ങളെ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്.
മല്‍സ്യ കൃഷി ലാഭകരമാണെങ്കിലും നീര്നായശല്യമാണ് ഇവിടുത്തെ മല്‍സ്യകര്‍ഷകര്‍ നേരിടുന്ന മുഖ്യപ്രശ്നമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഓരുജല മല്സ്യകര്ഷകനുമായ സന്ദീപ്കുമാർ നാലുപുരയ്ക്കല്‍ ് പറഞ്ഞു.നീര്‍നായകള്‍ കൂട്ടത്തോടെ എത്തി മല്‍സ്യത്തെ തിന്നു തീര്‍ക്കുകയാണ്.
വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതുവഴി സംഭവിക്കുന്നത്.സംരക്ഷിത വിഭാഗത്തില്‍പെട്ട ഇനമായിനാല് ഇവയെ കൊന്നൊടുക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കില്ല.
നീര്‍നായ ശല്യത്തില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.