കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ വില്പനയ്ക്കായി എത്തിച്ച രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി. ഇന്നു പുലർച്ചെ അഞ്ചോടെ മത്സ്യവില്പന കേന്ദ്രമായ ആയിക്കരയിൽ കണ്ണൂർ കോർപറേഷൻ സെക്രട്ടറി ഡി.സാജുവിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ മത്സ്യം പിടികൂടിയത്.
രണ്ട് കണ്ടെയ്നറുകളിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ചെമ്മീൻ, അയല, കട്ട്ല എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം പിന്നീട് നശിപ്പിച്ചു. കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിതേഷ് ഖാൻ, സിജില, നിയാസ്,അജീർ എന്നിവർ പഴകിയ മത്സ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഒരു കണ്ടെയ്നര്‍ ലോറിക്ക് രജിസ്റ്റര്‍ നമ്പറു പോലും ഉണ്ടായിരുന്നില്ല. ഈസ്റ്റര്‍, വിഷുവിപണി ലക്ഷ്യമിട്ട് ലോക്ഡൗണിനു മുമ്പേ തന്നെ ഗോവയില്‍ നിന്നെത്തിച്ചതാണ് പഴകിയ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് കോര്പറേഷന് സെക്രട്ടറി ഡി. സാജു രാഷ്ട്രദീപികയോട് പറഞ്ഞു.ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും കണ്ടെയ്നര്‍ തുറക്കാത്തതിനെ തുടര്‍ന്ന് ലോക്ക് പൊളിക്കാന്‍ ശ്രമിച്ചപ്പോഴാണ് വണ്ടി അധികൃതരെത്തി കണ്ടെയ്നര്‍ തുറന്നത്.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് സംശയം തോന്നിയ ചിലര്‍ കോര്പറേഷന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വണ്ടികള്‍ കോര്പറേഷന് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
ഫോര്‍മാലിന്‍ കലര്‍ന്നുവെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തിന്റെ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി അയയ്ക്കും. ഇന്നലെ കണ്ണൂർ അഴീക്കൽ ഹാർബറിൽ നിന്ന് ഒരു ടണ്ണിലധികം പഴകിയ മത്സ്യം പിടികൂടിയിരുന്നു.