മീന്‍ പിടിത്തത്തിനായി പോകുമ്പോള്‍ പലതരത്തിലുള്ള അപകടങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. ഭീമന് മീനുകളുടെ ഇടയിലൂടെയാണ് മീന്‍ പിടിക്കാനായി പോകുന്നത്. എന്നാല്‍ പേടിച്ച് വിറച്ച് ഇരുന്നാല്‍ മീനിനെ കിട്ടില്ലല്ലോ. അങ്ങനെ മീന്‍ പിടിക്കാനായി പോയ യുവാവിനെ ആക്രമിച്ചിരിക്കുന്നത് ഒരു ചെറിയ മീനാണ്.
ഇന്തോനേഷ്യയിലെ ഒരു യുവാവിനെയാണ് മീന്‍ അക്രമിച്ചത്. ഇയാളുടെ കഴുത്തിലാണ് കാഴ്ചയില്‍ ചെറുതായ കുഴലമീന്‍ തറഞ്ഞു കയറിയത്. പെട്ടെന്ന് തന്നെ ബോട്ട് തീരത്തെത്തിച്ച് ആശുപത്രിയിലേക്ക് എത്തിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമായതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
രാത്രിയില്‍ കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. പെട്ടെന്ന് മീന്‍ ഇയാളുടെ കഴുത്തിലേക്ക് തുറഞ്ഞു കയറുകയും പിന്നാലെ അയാള്‍ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു.
കഴുത്തില്‍ നിന്നും മീനിനെ എടുത്ത് മാറ്റാന്‍ ശ്രമിച്ചാല്‍ രക്തം വാര്ന്നുപോകുമെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഇവര്‍ മീനുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. നീണ്ട ഒരു മണിക്കൂര്‍ സര്‍ജറിയിലൂടെയാണ് കഴുത്തില്‍ നിന്ന് മീനിനെ എടുത്ത് മാറ്റിയത്.