കോഴിക്കോട്: മത്സ്യ ലഭ്യത കുറഞ്ഞതോടെ മീനിനും തീ വില. ഇന്നലെ നഗരത്തില്‍ മത്തിക്ക് 200ഉം അയലയ്ക്ക് 280 രൂപയുമാണ് വില. കടലിലെ മത്സ്യ സമ്പത്ത് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.
അയല, മത്തി, ചൂര, ചെമ്മീന്‍ തുടങ്ങി മീനുകള്‍ക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്. ഇത് കൂടാതെ ആവോലി, അയക്കൂറ, ചെമ്മീന്‍ എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്.
400 മുതല്‍ 500 വരെയാണ് വലിയ ചെമ്മീനിന് വില. ചെറുതിന് 300 രൂപയും. ആവോലി കിലോക്ക് 700 രൂപയും അയക്കൂറ കിലോക്ക് 800 ആണ്. ഉണക്കമീന്‍ വിപണിയിലും മീനുകള്‍ ലഭിക്കാനില്ല.
ഉണക്കമീനിന് നേരത്തെ കിലോക്ക് 100 -150 രൂപ വിലയുള്ള പലതിനും ഇപ്പോള്‍ 250 -300 രൂപവരെയായിട്ടുണ്ട്. പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് 100 ലധികം ലോഡ് ഉണക്കമീന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. അത് രണ്ട് ലോഡായി കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു.
വിലകൂടിയതിന് പുറമെ നല്ലമീനും കിട്ടാതായി. പുറത്തുനിന്ന് വരുന്നതും ദിവസങ്ങളോളം പഴക്കമുള്ളതുമായ മീനുകളാണ് ഇപ്പോള്‍ വില്പനയ്ക്കെത്തുന്നവയില് കൂടുതലും.
കഴിഞ്ഞവര്‍ഷം ഇതേസമയത്ത് കിട്ടിയതിന്റെ പകുതി മത്സ്യംപോലും ഇപ്പോള്‍ കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചൂടുകൂടിയതോടെ നിന്ന് മത്സ്യങ്ങള്‍ തീരം വിടുകയാണ്. ഇത് കാരണം പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് മത്സ്യം കിട്ടാനില്ല.
കൊടുംചൂട് മത്സ്യബന്ധന മേഖലയ്ക്ക് കടുത്ത ആഘാതമായിരിക്കുകയാണ്. നിലവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് മീനുകള്‍ എത്തുന്നത്. വരും മാസങ്ങളില്‍ ചൂട് കൂടുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയുമെന്നാണ് മത്സ്യതൊഴിലാളികള്‍ മുന്നറിയിപ്പ് നടത്തുന്നത്.
അതേസമയം കോഴിയിറച്ചിയുടെ വില കുറഞ്ഞുവരികയാണ്. ഇടനിലക്കാരില്ലാത്ത കോഴി കച്ചവടക്കാര്‍ 110 രൂപയ്ക്ക് ഒരുകിലോ കോഴിയിറച്ചിവില്ക്കുന്നുണ്ട്.
അതേസമയം ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ 150-160 രൂപയാണ് വില. ഇത് ഇനിയും കൂറയാനാണ് സാധ്യ. കനത്ത ചൂടില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് കോഴിവില കുറയാന്‍ കാരണം.
എന്നാല്‍പോലും കോഴിയിറച്ചി വില കുറയ്ക്കാതെ സാധാരണക്കാരെ പിഴിയുന്ന കടക്കാരും ഉണ്ട്. കോഴിയിറച്ചിക്കൊപ്പം പച്ചക്കറി നല്കി വിപണനം തകൃതിയാക്കുന്നവരും ഇതിനകം നാട്ടില്‍ താരങ്ങളായികഴിഞ്ഞു.