കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യഫെഡ് ,ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍, തണല്‍, ഭവനപദ്ധതികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കി മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ കൂടുതല്പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയും നിര്‍ത്തലാക്കി. രണ്ടര സെന്റ് ഭൂമിയുള്ള മത്സ്യതൊഴിലാളിക്ക് രണ്ടു ലക്ഷം രൂപ ഭവനനിര്‍മ്മാണത്തിന് നല്കുന്ന പദ്ധതി യുഡിഎഫ് സര്‍ക്കാരാണ് നടപ്പാക്കിയത്. അപക്ഷേ ക്ഷണിച്ച് അതില്‍ നിന്നും അര്‍ഹരായവരെ നറക്കെടുപ്പിലൂടെ കണ്ടെത്തിയാണ് ഭവനനിര്‍മ്മാണത്തിന് തുക നല്‍കിയിരുന്നത്.
കടല്‍ ക്ഷോഭത്തിന് നിലം പൊത്തുന്ന വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്ക് 50,000 രൂപ വീതവും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പദ്ധതി മരവിപ്പിക്കുകയും പിന്നീട് ലൈഫ് പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി ഭവന പദ്ധതിയും ഉള്‍പ്പെടുത്തിയെന്ന് വിശദീകരണം നല്‍കുകയുമായിരുന്നു.
മത്സ്യതൊഴിലാളികള്‍ക്ക് മാത്രമായി ഇന്ന് ഒരു പദ്ധതിയും അവശേഷിക്കുന്നില്ല. ചികിത്സയ്ക്ക് നല്കി വന്നിരുന്ന 1350 രൂപ സഹായം നിര്‍ത്തിവച്ചിരിക്കുകയാണ്. ചെറുതും വലുതുമായ മത്സ്യബന്ധന യാനങ്ങളുടെയും ബോട്ടുകളുടെയും രജിസ്ട്രേഷന്, ലൈസന്‍സ് ഫീസ്, യൂസേഴ്സ് ഫീസ് എന്ന രൂപത്തിലാക്കി ഭീമമായി വര്‍ധിപ്പിക്കുന്ന ദ്രോഹനടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി.
കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് വന്‍കുതിച്ചു ചാട്ടമാണ് മത്സ്യബന്ധനമേഖലയിലെ വ്യവസായത്തിന് സംഭവിച്ചത്. എന്നാല്‍ ഈ കുതിച്ച് ചാട്ടം സാധാ തൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
കനത്ത കാലാവസ്ഥാമാറ്റങ്ങളും വലിയ ബോട്ടുകളുടെ അശാസ്ത്രീയമായ മത്സ്യബന്ധന രീതികളും ഈ തൊഴില്‍ മേഖലയെ നശിപ്പിക്കുകയാണ്. ഇന്ത്യയുടെ മൊത്തം തീരദേശ മേഖലയില്‍ നിന്ന് 7.5 ശതമാനമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഇന്ത്യയുടെ മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 17 ശതമാനത്തിലധികവും കേരളത്തില്‍ നിന്നാണ്.
കോടിക്കണക്കിന് വരുമാനം ഈ മേഖലയില്‍നിന്ന് ലഭിക്കുമ്പോഴും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇല്ലതാക്കുകയും വെട്ടിച്ചുരുക്കുകയുമാണ്.