ആലക്കോട്: കരുവഞ്ചാൽ പുഴയില്‍ നഞ്ചുകലക്കലും തോട്ടയിടലും വ്യാപകമാകുന്നു. കുറ്റക്കാര്‍ക്കെതിരേ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
ആലക്കോട് പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കൂടാതെയാണ് നഞ്ചു കലക്കലും തോട്ടപൊട്ടിക്കലും നടക്കുന്നത്. മാരക വിഷമടങ്ങിയ നഞ്ച് വെള്ളത്തില്‍ കലരുന്നതോടെ കിലോമീറ്ററുകള്‍ വിസ്തൃതിയിലുള്ള മത്സ്യ സമ്പത്താണ് നശിക്കുന്നത്.
അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യസമ്പത്തുള്ള പുഴ ദിനംപ്രതി മരിക്കുകയാണ്. പുഴയിൽ വിഷം കലക്കുന്നവര്ക്കെതിരേ അധികൃതര്‍ക്ക് പരാതി നല്കിയാലും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരു ഭാഗത്ത് പുഴ സംരക്ഷണത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് ഇത്തരത്തില്‍ പുഴ മലിനമാക്കപ്പെടുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായി മലയോരത്ത് അനുഭവപ്പെടുമ്പോഴും പുഴയെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്.
പുഴയിൽ നിന്നും അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്.