
ഹോങ്കോങിനുള്ള മരണമണി മുഴങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഉരുക്കുമുഷ്ടിയില്‍ അമര്‍ത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഫലമായി പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങില്‍ ആദ്യത്തെ അറസ്റ്റ് സംഭവിച്ചു കഴിഞ്ഞു.
ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ അനുകൂല റാലിയില്‍ പങ്കെടുത്ത 10 പേരെയാണ് അറസ്റ്റ് ചെയ്തത്.
360 പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര് വാതകമടക്കം പൊലീസ് പ്രയോഗിച്ചു.
ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വിശദീകരണം.
പുതിയ ദേശീയ നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ ചൈനയുടെ നടപടിക്കെതിരെ രംഗത്തെത്തി.
എന്നിരുന്നാലും പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടികളുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം.