ന്യൂഡൽഹി: ഇന്ത്യയുടെ റേറ്റിംഗ് ഉയർത്താൻ ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് തയാറായില്ല. ട്രിപ്പിൾ ബി മൈനസ് എന്ന റേറ്റിംഗ് തുടരും. നിക്ഷേപ യോഗ്യതയുള്ള റേറ്റിംഗുകളിൽ ഏറ്റവും താഴ്ന്നതാണിത്. 12 വർഷമായി ഫിച്ച് റേറ്റിംഗ് മാറ്റിയിട്ടില്ല.
സാന്പത്തിക വളർച്ച, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള സർക്കാരിന്റെ അവകാശവാദങ്ങൾ ഫിച്ച് സ്വീകരിച്ചില്ല എന്നുവേണം ഇതിൽനിന്ന് അനുമാനിക്കാൻ. സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ്, മൂഡീസ് എന്നീ റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തൽ താമസിയാതെ പുറത്തുവരും.
ഈ സാന്പത്തികവർഷം 7.8 ശതമാനത്തിലേക്ക് ഇന്ത്യയുടെ സാന്പത്തികവളർച്ച കൂടുമെന്ന് ഫിച്ച് കണക്കാക്കുന്നു. കഴിഞ്ഞവർഷം 6.7 ശതമാനം എന്ന താഴ്ന്ന നിലയിലായിരുന്നു വളർച്ച എന്നതുകൊണ്ടാണിത്. അതേസമയം തുടർന്നുള്ള രണ്ടുവർഷം ഇന്ത്യൻ വളർച്ച 7.3 ശതമാനത്തിലേക്കു താഴും എന്നും ഏജൻസി പ്രവചിക്കുന്നു.
ഈ സാന്പത്തികവർഷത്തെ ജിഡിപി വളർച്ചയെക്കാൾ ഗണ്യമായി കുറവാകും അടുത്ത രണ്ടുവർഷങ്ങളിലേത് എന്നതു സർക്കാരിനും രാജ്യത്തിനും ശക്തമായ മുന്നറിയിപ്പാണ്. ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ കന്പനികളുടെയും പ്രശ്നങ്ങൾമൂലം വായ്പയും നിക്ഷേപവും വർധിക്കാത്തതും ഉയർന്ന ക്രൂഡ്ഓയിൽ വിലയുമാണ് വളർച്ചക്കുറവിനു കാരണമായി ഫിച്ച് എടുത്തുപറയുന്നത്.