ചാവക്കാട്: പരിശോധനയ്ക്ക് കൊണ്ടുചെല്ലുന്ന വാഹനത്തിന്റെ ഉടമകളെയും ഡ്രൈവർമാരെയും ഗുരുവായൂർ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി പരാതി. വാഹനപരിശോധനയ്ക്കിടിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളും മറ്റും ഊരി മാറ്റുന്നതിനു പുറമെ അവ നശിപ്പിക്കുകയും ചെയ്യുന്നതായി പാരതി.
നിയമവിരുദ്ധമായി വാഹനത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അവനീക്കം ചെയ്തശേഷം ടെസ്റ്റ് നൽകിയാൽ മതിയെന്ന് ഉടമകൾ സമ്മതിക്കുന്നു. അതിനുപകരം ഊരി മാറ്റിയ സാധനങ്ങൾ ഉടമകളുടെ മുന്നിൽവച്ച് തല്ലിതകർത്ത് വലിച്ചെറിയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉടമകൾ പറയുന്നു. ആയിരക്കണക്കിനു രൂപ വിലയുള്ള സാധനങ്ങളാണ് നശിപ്പിക്കുന്നത്.
നിരോധിച്ച സാധനങ്ങൾ വീണ്ടും വാഹനത്തിൽ ഘടിപ്പിച്ചാൽ പരിശോധിച്ച് പിഴ ഈടാക്കാം. ഉദ്യോഗസ്ഥർ അതിനു മുതിരാതെ വിലപിടിച്ച സാധനങ്ങൾ നശിപ്പിക്കുകയാണ് . നശിപ്പിക്കുന്ന കാര്യത്തിൽ ഒരു ഉദ്യോഗസ്ഥനുമാത്രമാണ് താല്പര്യം. മറ്റ് ഉദ്യോഗസ്ഥർ നിരോധിത സാധനങ്ങൾ ഊരിമാറ്റിയശേഷം വാഹന ടെസ്റ്റ് നൽകുന്നുണ്ട്. നശിപ്പിക്കൽ പരിപാടിക്കെതിരെ മന്ത്രിക്കും കമ്മീഷണർക്കും ഡ്രൈവർമാരും ഉടമകളും ചേർന്ന് പരാതി അയച്ചു.