വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട യോഗ വീഡിയോയ്ക്കായി ഒരു രൂപപോലും ചിലവഴിച്ചിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക പ്രതികരണം തെറ്റെന്ന് റിപ്പോര്‍ട്ട്. മോദിയുടെ യോഗ വീഡിയോയ്ക്ക് 35 ലക്ഷം ചിലവായെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി തങ്ങളോട് പറഞ്ഞതെന്ന് ഇന്ത്യസ്കൂപ്പ്സ്.കോം റിപ്പോര്‍ട്ടു ചെയ്യുന്നു.
ഈ തുക തേഡ് പാര്‍ട്ടി സ്പോര്‍സര്‍ ചെയ്തതാണെന്നും പി.എം.ഒ ഓഫീസിലെ ഉറവിടങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തേഡ് പാര്‍ട്ടി ആരാണെന്ന വിവരം പുറത്തുവിടാന്‍ ആരും തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക പ്രതികരണത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.
മോദിയുടെ യോഗ വീഡിയോയുടെ ഷൂട്ടിങ്ങിന്റെ മാത്രം ചിലവല്ല 35 ലക്ഷമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കാനും മാധ്യമങ്ങളിലും ടി.വി ചാനലുകളിലും പ്രൈം ടൈമില്‍ തന്നെ ഇതുവരുന്നതിനുവേണ്ടിയുമാണ് ഏറ്റവുമധികം തുക ചിലവഴിച്ചതെന്നാണ് ഇന്ത്യാസ്കൂപ്പ്സ്.കോം വിശദീകരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചാലഞ്ച് വീഡിയോയ്ക്കായി ചെലവിട്ടത് 35 ലക്ഷം രൂപയെന്ന റിപ്പോര്‍ട്ട് ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറും പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം നിഷേധിച്ചു രംഗത്തുവന്നത്.
യോഗാദിനം ആചരിക്കാനായി ഇരുപതു കോടി രൂപയും ഫിറ്റ്നസ്സ് ചാലഞ്ച് വീഡിയോ ചിത്രീകരിക്കാന്‍ 35 ലക്ഷവുമാണ് ചെലവഴിച്ചതെന്നായിരുന്നു തരൂര്‍ കുറിച്ചത്. ഒപ്പം വാര്‍ത്ത പുറത്തുവിട്ട ഇന്ത്യാസ്കൂപ്പ്സിന്റെ ലിങ്കും ഷെയര്‍ ചെയ്തിരുന്നു. തരൂര്‍ പങ്കുവച്ച റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളഞ്ഞ റാത്തോര്‍ വീഡിയോയ്ക്കായി ഒരൊറ്റ ആടു പോലും ബലിയാടായിട്ടില്ലെന്നായിരുന്നു പരിഹാസസൂചകമായി പറഞ്ഞത്.
എന്നാല്‍, റാത്തോറിനോട് പ്രതികരികരിച്ചുകൊണ്ട് തരൂരും കുറിപ്പിട്ടതോടെ ട്വിറ്റര്‍ യുദ്ധം കടുത്തിരിക്കുകയാണ്. ആടുകള്‍ ബലിയാടായിട്ടില്ലെന്നറിഞ്ഞതില് സന്തോഷം. പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്. നികുതിദായകരുടെ ഇരുപതു കോടി രൂപ കൊണ്ടാണ് സര്‍ക്കാര്‍ സ്വയം പരസ്യം ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു. റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ്സ് ചലഞ്ചിന് തുടക്കമിട്ടത്. ഇത് ഏറ്റെടുത്ത ക്രിക്കറ്റ് താരം വിരാട് കോഹ്ലി പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്യുകയായിരുന്നു.