ഫിറ്റ്നസ് കോച്ച് ചമഞ്ഞ് യുവതികളില് നിന്ന് നഗ്ന ചിത്രങ്ങള് വാങ്ങുകയും തുടര്ന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാള് ചെയ്യാന് ആവശ്യപ്പെടുകയും ചെയ്ത യുവാവ് പിടിയില്.
മുതിയാല്പേട്ട സ്വദേശിയായ ദിവാകറാണ് (23) പിടിയിലായത്. ഒരു യുവതി നല്കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫിറ്റ്നസ് കോച്ചെന്ന വ്യാജേന ഇന്സ്റ്റഗ്രാം വഴിയാണ് ദിവാകര് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭ്യമാക്കാനും വേണ്ട ടിപ്സ് നല്കാമെന്ന് പറഞ്ഞാണ് ഇയാള് സ്ത്രീകളെ പരിചയപ്പെടുന്നത്.
ബോഡി ഷേപ്പ് ലഭിക്കാനായി പ്രത്യേക ഭക്ഷണ രീതിയും വ്യായാമങ്ങളും വേണമെന്നും ഇതിനായി ശരീരം കാണാന് നഗ്നചിത്രങ്ങള് വേണമെന്ന് ദിവാകര് ആവശ്യപ്പെടും.
തുടര്ന്ന് നഗ്നചിത്രങ്ങള് അയച്ചു കൊടുക്കുന്ന സ്ത്രീകള്ക്ക് ബോഡിഷേപ്പ് ലഭിക്കാന് വേണ്ട വ്യായാമ രീതിയും ഭക്ഷണക്രമവും ഇയാള് പറഞ്ഞുകൊടുക്കും.
വെബ്സൈറ്റുകളില് നിന്നും ആരോഗ്യമാസികകളില് നിന്നുാണ് ഇയാള് വിവരങ്ങള് നല്കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തില് കണ്ടെത്തി.
യുവാവിന്റെ നിര്ദ്ദേശം അനുസരിച്ച് വ്യായാമം ചെയ്യുമ്പോള് ശരീരത്തില് മാറ്റം വരുന്നതോടെ സ്ത്രീകള് ഇയാളെ കൂടുതല് വിശ്വസിച്ചു.
പരിചയമില്ലാത്ത ഇന്സ്റ്റഗ്രാം ഐഡിയില് നിന്ന് തങ്ങളയച്ചു കൊടുത്ത ചിത്രങ്ങള് ലഭിച്ചു തുടങ്ങിയതോടെയാണ് സ്ത്രീകള് അപകടം മണത്തത്.
വ്യാജ ഐഡിയുപയോഗിച്ചാണ് പ്രതി ദൃശ്യങ്ങള് അയച്ചത്. ചിത്രങ്ങള് പുറത്തുവിടാതിരിക്കാന് പൂര്ണനഗ്നയായി താനുമായി വീഡിയോ കാള് ചെയ്യണമെന്നും യുവാവ് ഭീഷണിപ്പെടുത്തി,
ഭീഷണി ലഭിച്ച യുവതികളില് ഒരാളാണ് വ്യാജ ഫിറ്റ്നസ് കോച്ചിനെതിരെ പരാതി നല്കിയത്. തുടര്ന്ന് നടത്തിയ അന്വേഷണത്തില് പ്രതി പിടിയിലാകുകയായിരുന്നു.