അഴകളവുകള്‍ കൊണ്ട് ആഗോളതലത്തില്‍ തന്നെ അനവധി ആരാധകരെ സൃഷ്ടിച്ച ബ്രസീലിയന്‍ ഫിറ്റ്നെസ് ട്രെയിനറും ഗ്ളാമര്‍ മോഡലുമായ ലുവാന്ന ജാര്‍ഡിം(30) വെടിയേറ്റ് മരണമടഞ്ഞു.
ഒരു മോഷണ ശ്രമത്തിനിടയില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന്റെ മരണം സംഭവിച്ച വിവരം കുടുംബം ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മെയ് 21 ന് വൈകിട്ടായിരുന്നു മരണത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവും കുഞ്ഞു മകനുമായി റിയോ ഡി ജനീറോയിലൂടെ യാത്ര ചെയ്യുമ്പോള്‍ കുറേ അക്രമികള്‍ ഇവരുടെ കാറിനരികിലെത്തി വെടിവെയ്ക്കുകയായിരുന്നു.
ഒരു വെടിയുണ്ട ഇവരുടെ ഹൃദയത്തില്‍ വന്നു തറയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ മെയറിലെ സല്‍ഗാഡോ ഫിലോ മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ ഇവര്‍ക്ക് ബോധം നഷ്ടമാകുകയായിരുന്നു.
സംഭവം മോഷണശ്രമമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം ഇത് മോഷണശ്രമം അല്ലെന്നും കൊലപാതകം തന്നെയാണെന്നും അക്രമികള്‍ തന്റെ മകളെയും കുടുംബത്തെയും പിന്തുടരുകയായിരുന്നെന്നും പിതാവ് പറയുന്നു.
ആദ്യം കാറിന്റെ പിന്നിലെ ഗ്ളാസിനിട്ട് വെടിയുതിര്‍ത്ത അക്രമികള്‍ അതിന് ശേഷമാണ് കാറിന്റെ സൈഡിലേക്ക് വന്ന് വീണ്ടും നിറയൊഴിക്കുകയായിരുന്നെന്നും പറഞ്ഞു.
ലുവാന്നയുടെ ഭര്‍ത്താവ് ജാവോ ഫാര്ഷേയ്ക്കും മകനും വെടിവെയ്പ്പ് നടക്കുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഫിറ്റ്നെസ് ട്രെയിനറായ ലുവാന്നയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 350,000 ഫോളോവേഴ്സുണ്ട്. ഭാരം കുറയ്ക്കാനും മറ്റുമായി ഇവര്‍ പങ്കുവെയ്ക്കുന്ന ഗ്ളാമര്‍ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസാണ് ഉള്ളത്.