അഞ്ഞൂറാന്‍

fb-fivehundredസെവിയ്യ: ബാഴ്‌സലോണയുടെ വരയന്‍ ജഴ്‌സിയില്‍ ലയണല്‍ മെസി അഞ്ഞൂറു ഗോള്‍ തികച്ചു. മെസി നാഴികക്കല്ല് പിന്നിട്ട സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ 2–1ന് സെവിയ്യയെ തകര്‍ത്തു. ഒരു ഗോള്‍ നേടുകയും വിജയ ഗോളിനു വഴിയൊരുക്കുകയും ചെയ്ത് കളം നിറഞ്ഞു കളിച്ച മെസിയാണ് ബാഴ്‌സലോണയ്ക്കു വിജയമൊരുക്കിയത്.

ഒരു ഗോളിനു പിന്നില്‍നിന്നശേഷമായിരുന്നു ബാഴ്‌സയുടെ ജയം. വിറ്റോലോയുടെ (15) ഗോളില്‍ സെവിയ്യ ആദ്യം മുന്നിലെത്തി. ഇതിനുശേഷം 43–ാം മിനിറ്റില്‍ മെസി സമനില നേടിക്കൊടുത്തു. 61–ാം മിനിറ്റില്‍ ലുയി സുവാരസ് ബാഴ്‌സയ്ക്കു വിജയഗോള്‍ സമ്മാനിച്ചു. ജയത്തോടെ ബാഴ്‌സലോണ പോയിന്റ് നിലയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആക്രമണ, പ്രത്യാക്രമണങ്ങള്‍ കൊണ്ടു മത്സരം സമ്പന്നമായിരുന്നു. കൗണ്ടര്‍ അറ്റാക്കിംഗിലായിരുന്നു ഇരുടീമും കൂടുതല്‍ മികവ് പുലര്‍ത്തിയത്.

സ്വന്തം ഗ്രൗണ്ടില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ സെവിയ്യ മിന്നുന്ന തുടക്കമാണിട്ടത്. ബാഴ്‌സയുടെ മുന്നേറ്റത്തെ ഭേദിച്ചുകൊണ്ട് സെവിയ്യ നടത്തിയ പ്രത്യാക്രമണത്തിന്റെ ഫലമായിരുന്നു ആദ്യഗോള്‍. സെര്‍ജിയോ റോബര്‍ട്ടോയുടെ പിഴവ് മുതലെടുത്ത് വിറ്റോലോ വല കുലുക്കി. പക്ഷേ ഈ ഗോളിനു മറുപടി ആദ്യ പകുതി തീരാന്‍ മൂന്നു മിനിറ്റുകൂടിയുള്ളപ്പോള്‍ മെസി നല്‍കി. ബാഴ്‌സലോണയ്ക്കു വേണ്ടി മെസി നേടുന്ന അഞ്ഞൂറാം ഗോളായിരുന്നു ഇത്. ഈ ഗോള്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിംഗിന്റെ ഫലമായിരുന്നു. ഇടതുവശത്തുകൂടി നെയ്മര്‍ നടത്തിയ മികച്ച കുതിപ്പാണ് ഗോളിനു പാതയൊരുക്കിയത്. രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് നെയ്മര്‍ നല്‍കിയ പാസില്‍ മെസി അനായാസയമായി വല കുലുക്കി.

592 മത്സരത്തില്‍നിന്നാണ് അര്‍ജന്റൈന്‍ നായകന്‍ 500 ഗോള്‍ തികച്ചത്. ഇതില്‍ സൗഹൃദ മത്സരങ്ങളില്‍ നേടിയ ഗോളുമുണ്ട്. ഔദ്യോഗിക മത്സരങ്ങളില്‍ നിന്നായി 469 ഗോളാണ് മെസി നേടിയിരിക്കുന്നത്. ലാ ലിഗയില്‍ 320ഉം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 90ഉം ഗോളുകള്‍ നേടിയ മെസി, കോപ്പ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയിലും ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തു. 2005 മേയില്‍ പതിനേഴാം വയസിലാണ് മെസി ബാഴ്‌സലോണയുടെ സീനിയര്‍ ടീമിലെത്തുന്നത്.

സ്വന്തം ഗ്രൗണ്ടില്‍ സെവിയ്യയാണ് ആക്രമണത്തിനു തുടക്കമിട്ടത്. 30–ാം സെക്കന്‍ഡില്‍ സെവിയ്യയുടെ ലൂസിയാനോ വീറ്റോ വലയിലേക്കു ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ മാര്‍ക് ടെര്‍ സ്്‌റ്റെഗന്‍ രക്ഷപ്പെടുത്തി. ഇതിനുള്ള മറുപടി നല്‍കാന്‍ ബാഴ്‌സയുടെ എംഎസ്എന്‍ ത്രയം നീങ്ങിയെങ്കിലും ഫലം കണ്ടില്ല. മെസിയില്‍നിന്ന് പന്ത് നെയ്മറിലേക്ക്. നെയ്മര്‍ നല്‍കിയ പാസില്‍ സുവാരസിന്റെ അടി സെര്‍ജിയോ റിക്കോ രക്ഷപ്പെടുത്തി.

ഇതിനുശേഷം സെവിയ്യ താരങ്ങള്‍ നിരന്തരം ബാഴ്‌സയുടെ പ്രതിരോധത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ബാഴ്‌സലോണയുടെ ആക്രമണത്തിന്റെ മുനയൊടിച്ചുകൊണ്ട് സെവിയ്യ നടത്തിയ കൗണ്ടര്‍ അറ്റാക്കിംഗാണ് ഗോളിനു വഴിതെളിച്ചത്. 15–ാം മിനിറ്റില്‍ സെര്‍ജിയോ റോബര്‍ട്ടോയുടെ പ്രതിരോധപിഴവ് മുതലാക്കി വിറ്റോലോ വല കുലുക്കി. ഇതിനുശേഷവും മികച്ചൊരു അവസരം സെവിയ്യയ്ക്കു ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

മെസിയുടെ കുതിപ്പാണ് സുവാരസിനു വിജയഗോള്‍ നേടാനുള്ള അവസരമൊരുക്കിയത്. സെവിയ്യ പ്രതിരോധക്കാരെ ഡ്രിബിള്‍ ചെയ്തു നല്‍കിയ പാസില്‍നിന്നു സുവാരസ് ഗോള്‍കീപ്പറെ പരാജയപ്പെടുത്തി നിറയൊഴിച്ചു. 82–ാം മിനിറ്റില്‍ സെവിയ്യയുടെ ഫ്രഞ്ച് താരം സ്റ്റീവന്‍ സോന്‍സി, പന്തുമായി കുതിച്ച മെസിയെ പിറകില്‍നിന്നു കാലിനു ചവിട്ടി. ചവിട്ടേറ്റ മെസി വീണു. വീഴ്ചയില്‍ മെസിയുടെ ബൂട്ട് ഊരി ത്തെറിച്ചു. ഫൗള്‍ ചെയ്തതിനു സോന്‍സിക്കു മഞ്ഞക്കാര്‍ഡ്് ലഭിക്കുകയും ചെയ്തു.ബൂട്ട് കെട്ടാന്‍ ശ്രമിക്കുന്നിതിനിടെ റഫറി ഓടിയെത്തി ഗ്രൗണ്ടിനു സൈഡിലേക്കു മാറിനിന്നു ബൂട്ടു കെട്ടാന്‍ മെസിയോടു ആവശ്യപ്പെട്ടു. ഇതു ചെവിക്കൊള്ളാതെ ബൂട്ടുകെട്ടുകയായിരുന്ന മെസി രോഷത്താല്‍ സമീപത്തുണ്ടായിരുന്ന പന്തു പതുക്കെ തട്ടിനീക്കി. അടുത്ത നിമിഷം റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തി.

Related posts