ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ അഞ്ചു സിംഹങ്ങളുടെ ജീവൻ രക്ഷിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണു സംഭവം.
റെയിൽവേ ട്രാക്കിൽ നിൽക്കുന്ന അഞ്ച് സിംഹങ്ങളെ കണ്ടയുടൻ എഞ്ചിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
ഗിർ വനത്തിലെ പിപാവാവ്-റജുല സെക്ഷനിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയിൽവേയുടെ ഭാവ്നഗർ ഡിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
ലോക്കോ പൈലറ്റ് ഭൂപേന്ദ്ര മീണയാണ് ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചിരുന്നത്. സിംഹങ്ങളുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ അവിടെ വിന്യസിച്ചിരിക്കുന്ന വനംവകുപ്പ് ട്രാക്കർമാർ, സിംഹങ്ങളുടെ സാന്നിധ്യം ട്രാക്കിലുണ്ടെന്ന് ഭൂപേന്ദ്ര മീണയെ അറിയിച്ചു.
വിവരം മനസിലാക്കി ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ച് ട്രെയിൻ നിർത്തി. ഈ സമയം സിംഹങ്ങൾ പാളത്തിൽനിന്നു മാറിപ്പോയി. ട്രയിൻ യാത്ര തുടരുകയും ചെയ്തു.