ചെറിയ പ്രായത്തിൽ അവിശ്വസിനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ കുട്ടികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അഞ്ച് വയസുകാരൻ പെരിയാർ നീന്തി കടന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആലുവ കീഴ്മാട് സ്വദേശി നിയാസ് നാസറിന്റെയും ജുനിതയുടെയും മകൻ അയാൻ അഹമ്മദ് ആണ് പെരിയാർ നദി നീന്തി കടന്ന ആ കൊച്ചുമിടുക്കൻ. മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിലാണ് അയാൻ പെരിയാറിൽ നീന്താനെത്തിയത്.
780 മീറ്റർ 50 മിനിറ്റുകൊണ്ട് മണപ്പുറം ദേശംകടവിൽ അയാൻ നീന്തി കയറി. നീന്തൽ വിദഗ്ധൻ സജി വാളാശ്ശേരിയുടെ ശിക്ഷണത്തിൽ ആയിരുന്നു പരിശീലനം. എൽകെജി വിദ്യാർഥിയായ അയാൻ മൂന്നു മാസം കൊണ്ട് നീന്തൽ പഠിച്ചാണ് പെരിയാർ നീന്തിക്കടന്നത്. നീന്തൽ ആലുവ മണപ്പുറം മണ്ഡപം കടവിൽ അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.