വന്‍ പരസ്യങ്ങള്‍ നല്‍കിയാണ് രാജ്യത്താകമാനം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ശ്വാസം മുട്ടല്‍ മാറാനും മുട്ടുവേദനമാറാനുമൊക്കെയുള്ള മരുന്നുകളുടെ നിരവധി പരസ്യങ്ങളാണ് ദിനംപ്രതി ഇറങ്ങുന്നത്. പരസ്യം കണ്ട് മരുന്നു വാങ്ങിക്കഴിക്കുന്ന ഒട്ടുമിക്ക ആളുകള്‍ക്കും കാര്യമായ പ്രയോജനമൊന്നും ലഭിക്കാറില്ലയെന്നതാണ് പരമാര്‍ഥം.
എന്നാല്‍ ഇനി അങ്ങോട്ട് കളിമാറും.ഇങ്ങനെ പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങള്‍ക്ക് കനത്ത ശിക്ഷനല്കുന്ന നിയമം കേന്ദ്രം ഒരുക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് അടക്കം പണി കിട്ടും. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിലവില്‍ ആറുമാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടി ചേര്‍ന്നോ ആണ് ശിക്ഷ. പിഴത്തുക പറയുന്നില്ലെന്നതാണ് നിലവിലുണ്ടായിരുന്ന നിയമത്തിന്റെ പരാധീനത. ഇതിന് കൃത്യമായ നിര്‍വചനം നല്കുന്നുവെന്നതാണ് ഭേദഗതിയുടെ പ്രത്യേകത. തെറ്റ് ആവര്‍ത്തിച്ചാല്‍ വീഴ്ച ആവര്‍ത്തിച്ചാല്‍ പുതിയ നിയമപ്രകാരം അഞ്ചുവര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.
ആവര്‍ത്തിച്ചുള്ള കുറ്റത്തിന് ഒരുവര്‍ഷംവരെ തടവാണ് നിലവിലെ ശിക്ഷ. ഇതില്‍ പിഴയെപ്പറ്റി പറയുന്നുമില്ല. പുതിയ നിയമത്തില്‍, പരസ്യങ്ങളുടെ നിര്‍വചനത്തിലും മാറ്റംവരുത്തുന്നുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തുന്നതാണ് പ്രധാന മാറ്റം. നോട്ടീസുകള്‍, സര്‍ക്കുലറുകള്‍, ലേബലുകള്‍, റാപ്പറുകള്, ഇന്‍വോയ്സ്, ബാനര്‍, പോസ്റ്റര്‍ തുടങ്ങിയ സംവിധാനങ്ങളെയും പരസ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി.
ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയ വിഭാഗങ്ങളെക്കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. മുന്‍പ് പ്രധാനമായും 54 രോഗവിഭാഗങ്ങള്‍ക്കായിരുന്നു നിയമം ബാധകമെങ്കില്‍ ഇപ്പോഴത് 78 ഇനങ്ങളായാണ് പരിഷ്കരിക്കുക.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമത്തോടെ ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്ക് പരസ്യം നല്കാനാവാത്ത സ്ഥിതിയാണ് സംജാതമാവുന്നത്. ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ക്കെല്ലാം പരസ്യം നല്കാന് നിലവിലുള്ള പൊതുവായ നിയമങ്ങള്‍ക്കു പുറമെ ആയുര്‍വേദ മരുന്നുകളുടെ പരസ്യങ്ങള്‍ക്കുമാത്രം പുതിയ 170 (ബി) എന്ന നിബന്ധനവച്ചതോടെയാണു പ്രതിസന്ധി ഉടലെടുത്തത്.
രാജ്യത്ത് ആയുര്‍വേദ മരുന്നുകളുടെ വിപണനത്തില്‍ പരസ്യങ്ങള്‍ക്കു നിര്‍ണായക പങ്കു വഹിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണം ആയുര്‍വേദ മരുന്നുവിപണന രംഗത്ത് കോടികളുടെ നഷ്ടം വരുത്തുമെന്ന ആശങ്കയിലാണ് മരുന്നു നിര്‍മ്മാണ കമ്പനികള്‍.
പ്രതിവര്‍ഷം 20000 കോടിയുടെ ആയുര്‍വേദ മരുന്ന് വിപണനമാണ് രാജ്യത്ത് നടക്കുന്നത്. 1000 കോടി പരസ്യമേഖലയി്ല് ഇറക്കിക്കളിക്കുന്നതിനാലാണത്. കേരളത്തിലാവട്ടെ പ്രതിവര്‍ഷം 2,000 കോടി രൂപയുടെ മരുന്നുവിപണനം നടക്കുമ്പോള്‍ 300 കോടി രൂപയെങ്കിലും പരസ്യത്തിനു ചെലവഴിക്കുന്നു.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതു വഴി നടക്കുന്ന വില്പനയെക്കാള് എത്രയോ ഇരട്ടി വില്പന നടക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികളെ സഹായിക്കുന്നത് വിവിധ മാധ്യമങ്ങള്‍വഴി നല്കുന്ന പരസ്യങ്ങളാണ്. ഈ പരസ്യങ്ങള്‍ നിലയ്ക്കുമ്പോള്‍ പണികിട്ടുന്നത് പരസ്യങ്ങള്‍ വഴി വരുമാനം നേടിയിരുന്ന മാധ്യമങ്ങള്‍ക്കു കൂടിയാണ്. അതിനാല്‍ പരസ്യം ഇറക്കുന്നതിനു മുമ്പ് മരുന്ന് 100 ശതമാനം ഫലപ്രദമാണെന്ന് ഉറപ്പുവരുത്തേണ്ട അവസ്ഥയാണ് മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്.