ആലുവയില് അതിദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്മ്മം ചെയ്യാന് പൂജാരിമാര് വിസമ്മതിച്ചുവെന്ന തെറ്റായ പരാമര്ശത്തില്, മാപ്പു പറഞ്ഞ് ചാലക്കുടി സ്വദേശി രേവത് ബാബു.
തനിക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില് താന് ക്ഷമ ചോദിക്കുന്നുവെന്നും രേവത് ബാബു വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിലൂടെയാണ് രേവത് ബാബുവിന്റെ വിശദീകരണം. വായില് നിന്നും അറിയാതെ വീണുപോയ തെറ്റാണ്.
എത്രയോ വര്ഷത്തെ ത്യാഗം കൊണ്ടാണ് പൂജാരിയാകുന്നത്. പൂജാരിമാരെ ആകെ അടച്ചാക്ഷേപിച്ചതില് മാപ്പു ചോദിക്കുകയാണെന്നും രേവത് ബാബു പറയുന്നു.
കുട്ടിയുടെ അച്ഛനാണ് മകളുടെ അന്ത്യകര്മം ചെയ്യാനായി പൂജാരിയെ വേണമെന്ന് പറഞ്ഞത്.
പൂജാരി സമൂഹത്തോട് തെറ്റു ചെയ്തതിന് മാപ്പു ചോദിക്കുന്നുവെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അന്ത്യകര്മ്മങ്ങള് രേവത് ബാബുവാണ് ചെയ്തത്.
കുട്ടിയുടെ അന്ത്യകര്മ്മം ചെയ്യാന് താന് നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല് ഹിന്ദിക്കാരായതിനാല് കുട്ടിയുടെ അന്ത്യകര്മ്മം ചെയ്യാന് പൂജാരിമാര് തയ്യാറായില്ലെന്നുമാണ് രേവത് ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
അതിനിടെ, ആലുവയില് കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്മ്മം ചെയ്യാന് പൂജാരിമാര് വിസമ്മതിച്ചുവെന്ന പരാമര്ശത്തില്, പൂജ നടത്തിയ രേവത് ബാബുവിനെതിരെ പരാതി. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയത്.
പ്രസ്താവനയിലൂടെ മതസ്പര്ധ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയില് പറയുന്നു.
മതസ്പര്ധ ഉണ്ടാക്കാന് ശ്രമിച്ചതിന് ഇയാള്ക്കെതിരെ കേസെടുക്കണമെന്നും പരാതിയില് ആവശ്യപ്പെടുന്നു. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാല് ആണ് പരാതി നല്കിയത്.
സാധാരണയായി ക്ഷേത്രത്തിലെ പൂജാരിമാര് അന്ത്യകര്മം ചെയ്യാറില്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് യുവാവിന്റെ പ്രസ്താവന വിവാദമാകുന്നതും. കര്മികള് എന്നറിയപ്പെടുന്ന ആളുകളാണ് അന്ത്യകര്മങ്ങള് ചെയ്യുന്നത്.
കര്മികള് ആളുടെ ദേശമോ ഭാഷയോ ഒന്നും നോക്കിയല്ല കര്മം ചെയ്യുന്നതെന്നതും യുവാവിന്റെ പ്രസ്താവന തികച്ചും അസംബന്ധമാണെന്നതിന് തെളിവായി ചിലര് ചൂണ്ടിക്കാണിക്കുന്നു.
അച്ഛനമ്മമാര് ജീവിച്ചിരിക്കെ കൊച്ചു കുട്ടികള്ക്ക് ബലിയര്പ്പിക്കുക പതിവില്ലെന്നും ചിലര് പറയുന്നു.