പകലത്തെ അധ്വാനത്തിന്റെ ക്ഷീണവും തളര്‍ച്ചയും അകറ്റുക എന്നതാണ് സാധാരണയായി ഉറക്കത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്നത്. എത്ര ഉറങ്ങിയാലും കൊതി തീരത്തവരും ഉണ്ട്. ധാരാളം. എന്നാല്‍ ഉറക്കം ഒരു ശല്യമായിത്തീര്ന്നാലോ? ബേത് ഗുഡിയര്‍ എന്ന ഇരുപത്തിരണ്ടുകാരിക്കാണ് ഉറക്കം ഒരു ഒഴിയാബാധയായി മാറിയിരിക്കുന്നത്. തന്റെ 17 ാമത്തെ വയസ് വരെ സാധാരണ ജീവിതം നയിച്ചിരുന്ന ബേത് പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെയധികം മികവ് പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ ഉറങ്ങാന്‍ കിടന്ന ബേത് എഴുന്നേറ്റത് ആറുമാസത്തിന് ശേഷമാണ്. സ്ലീപിങ്ങ് ബ്യൂട്ടി സിന്‍ഡ്രോം എന്ന രോഗമാണ് ബേതിന്റെ ഈ ഉറക്കത്തിന് കാരണം എന്ന് കണ്ടെത്തുകയും ചെയ്തു.
ഒരു ദിവസം 22 മണിക്കൂറോളമാണ് ബേത് ഉറങ്ങുന്നത്. ഇടയ്ക്ക് ഭക്ഷണം കഴിയ്ക്കാനും വെള്ളം കുടിക്കാനും ടൊയ്ലറ്റില്‍ പോകാനും മാത്രം അവള് എഴുന്നേല്ക്കും. അതും പൂര്ണബോധമില്ലാതെ, ഉറക്കച്ചടവോടെ. ഇതോടെ മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ബേതിന്. ഉറക്കത്തില്നിന്നെഴുന്നേല്ക്കുന്ന സമയത്ത് ബേതിന് പരിസരബോധം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. ജോലി രാജിവച്ചാണ് ബേതിനെ അവളുടെ അമ്മ ശുശ്രൂഷിക്കുന്നത്. ഡോക്ടറെ കാണാന്‍ മാത്രമാണ് ബേതിനെ പുറത്തിറക്കാറുള്ളു. അതും വീല്‍ചെയറില്‍. അമിതമായി ഉറങ്ങുന്നതിന്റെ ക്ഷീണം മൂലം ബേത് എപ്പോഴും അവശയാണ്.
അസുഖം തുടങ്ങുന്ന സമയങ്ങളില്‍ ഇതാരും കാര്യമാക്കിയിരുന്നില്ല. കൗമാരക്കാരില്‍ സാധാരണയായി ഉണ്ടാവുന്ന ഒരു പ്രശ്നമായി മാത്രമെ ഇതിനെ കണ്ടിരുന്നുള്ളു. പീന്നീടാണ് പ്രതിവിധിയില്ലാത്ത അസുഖമാണ് ഇതെന്ന് കണ്ടെത്തിയത്. ഈ പ്രത്യേക അസുഖത്തിനുള്ള ശാശ്വതമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. പതിമൂന്ന് വര്‍ഷത്തോളം ഈ അസുഖം നീണ്ടുനില്ക്കാറുണ്ട്. അപ്പോഴേക്കും തന്റെ മകളുടെ ജീവിതത്തിലെ വിലപ്പെട്ട ദിനങ്ങള്‍ കടന്നു പോകുമല്ലോ എന്ന സങ്കടത്തോടെ ബേത് ഉണരാനായി കാത്തിരിക്കുകയാണ് ബേതിന്റെ മാതാപിതാക്കളും ബന്ധുക്കളും.