കോട്ടയം: തിരുവഞ്ചൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു പണം പിന്‍വലിക്കാനെത്തിയ വീട്ടമ്മയും ബാങ്ക് അധികൃതരും തമ്മില്‍ വാക്കേറ്റം. ഇന്നലെ രാവിലെ തിരുവഞ്ചൂരിലെ ബാങ്കിലായിരുന്നു സംഭവം.
തിരുവഞ്ചൂര്‍ കനകത്തില്‍ ഐസക് ജേക്കബ് നിക്ഷേപിച്ച ഒമ്പതു ലക്ഷം രൂപ പിന്വലിക്കാനെത്തിയപ്പോഴാണു വാക്കേറ്റം. ഐസക്കിന്റെ ബന്ധുവായ സുനിതാകുമാരിയാണു പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയത്. ഒമ്പതു ലക്ഷം രൂപ മറ്റൊരു ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സ്ഥിരനിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തികരിക്കാത്ത അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുവാന്‍ സമയം അനുവദിക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ വാക്കേറ്റമുണ്ടാകുകയായിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് സി.എം. മനോജ് പറഞ്ഞു.
എന്നാല്‍ ബാങ്ക് അധികൃതര്‍ പണം നല്‍കാതിരിക്കുകയും കൈയേറ്റം ചെയ്യുകയുയിരുന്നുവെന്ന് സുനിത കുമാരി പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും അടുത്ത ചൊവാഴ്ച പണം നല്‍കാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പിന്മേല് പ്രശ്നം പരിഹരിക്കുകയായിരുന്നു.