സ്വന്തം ലേഖകൻ
തൃശൂർ: ഇന്നു ലോക സോറിയാസിസ് ദിനം. സോറിയാസിസ് അല്ലെങ്കിൽ സോറിയാറ്റിക് ആർത്രൈറ്റിസ് ദിനം. ഒരു പതിറ്റാണ്ടിലേറെയായി ഒക്ടോബർ 29 നാണ് ഈ ദിനം ലോകമെങ്ങും ആചരിക്കുന്നത്.
ലോകജനതയിൽ ഒന്നു മുതൽ രണ്ടു ശതമാനം ആളുകളെ ബാധിക്കുന്ന സോറിയാസിസ് എന്ന ത്വ ക് രോഗം കേരളത്തിലും ഏകദേശം ഇതേ അളവിൽ ആളുകളെ ബാധിക്കുന്നുണ്ടെന്നാണു കണക്ക്.
തൊലിപ്പുറത്തു ചുവന്നു തടിച്ച പാടുകൾ പ്രത്യ ക്ഷപ്പെടുന്നതാണു സോറിയാസിസിന്റെ പ്രാഥമിക ലക്ഷണം. ചർമത്തെ കൂടാതെ സന്ധികളെയും നേരിട്ട് ബാധിക്കാവുന്ന ഈ രോഗം മെറ്റബോളിക് സിൻഡ്രോമിന്റെ ഭാഗമായി വന്നാൽ പ്രമേഹം, രക്താതിസമ്മർദം, കരൾ രോഗങ്ങൾ എന്നിവയോടു അനുബന്ധിച്ചും കാണാറുണ്ടെന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം വകുപ്പു മേധാവി ഡോ. എൻ. അശോകൻ പറഞ്ഞു.
ഈ രോഗം പകരില്ലെന്നും ചികിത്സിച്ച് നിയന്ത്രിക്കാവുന്നതാണെന്നും ഡോ. അശോകൻ വ്യക്തമാക്കി. രോഗത്തിന്റെ തുടക്കത്തിലാണെങ്കിൽ ഓയിൻമെന്റുകളോ മറ്റു ലേപനങ്ങളോ ഉപയോഗിച്ചും അല്ലാത്തവർക്ക് അകത്തേക്കു കഴിക്കാനുള്ള മരുന്നുകൾ നൽകിയോ അൾട്രാ വൈലറ്റ് രശ്മികൾ ഉപയോഗിച്ചോ ഉള്ള ചികിത്സ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഈ രോഗം ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഏതു പ്രായ ത്തിലുള്ളവർക്കും രോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സോറിയാസിസ് രോഗം ചികിത്സിച്ചാൽ മാറ്റാൻ പറ്റുമോ എന്ന സംശയമാണ് പരക്കെയുള്ളത്. സോറിയാസിസ് രോഗം ഒരു ക്രോണിക് ഡിസീസ് ആണ്. അതിനാൽ ഇതിനു ദീർഘകാലം ചികിത്സ എടുക്കേണ്ട ആവശ്യമുണ്ട്.
പൂർണമായി മാറിയില്ലെങ്കിലും ഫലപ്രദമായ ചികിത്സയിലൂടെ നല്ല രീതിയിൽ നിയന്ത്രിക്കാനാകും. തുടക്കത്തിലേ ചികിത്സയെടുത്താൽ പലപ്പോഴും ഈ രോഗം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാനാകുമെന്ന് ഡോക്ടർ അശോകൻ പറഞ്ഞു.
തൊലിപ്പുറത്തെ പാടുകളും തടിപ്പുമെല്ലാം കാണുന്പോൾ സ്വാഭാവികമായി ആളുകൾ ഇത്തരക്കാരെ അകറ്റി നിർത്തുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ടെന്നും ഇക്കൂട്ടരെ അകറ്റി നിർത്തരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
അവബോധം ഉള്ളവരായിരിക്കുക എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. അസുഖത്തെകുറിച്ചുള്ള കൂടുതൽ അറിവ് രോഗികളിൽ എത്തിക്കുക, ചികിത്സാരീതികളെക്കുറിച്ച് അവരിൽ അവബോധമുണ്ടാക്കുക എന്നതാണു പ്രമേയം കൊണ്ടുദ്ദേശിക്കുന്നത്.
സോറിയാസിസിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കുകയും സോറിയാസിസ് പകരുന്ന രോഗമാണെന്നും മറ്റുമുള്ള പല തെറ്റിദ്ധാരണകളും ഇല്ലാതാക്കുകയും ചെയ്യുകയാണ് ദിനാചരണത്തിന്റെ ഉദ്ദേശം.
ചിലവുകുറഞ്ഞതും ഉചിതമായതുമായ ചികിത്സ ലഭ്യമാക്കാൻ എല്ലാവരുടേയും ഇടപെടൽ ഈ വിഷയത്തിൽ കൊണ്ടുവരാനും ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ആധുനിക ചികിത്സാ രംഗത്തെ ത്വക് രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഐഎഡി വിഎല്ലിന്റെ കേരളാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക സോറിയാസിസ് ദിനത്തോട് അനുബന്ധിച്ച് രോഗികൾക്കും പൊതുജനങ്ങൾക്കുമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബോധവത്്കരണ ക്ലാസുകൾ, പോസ്റ്റർ വിതരണം എന്നിവ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോ. എൻ. അശോകനും സെക്രട്ടറി ഡോ. ഡേവിഡ് പുതുക്കാടനും അറിയിച്ചു.