തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരായ കേസ് അന്വേഷിച്ചാൽ കേന്ദ്രത്തിൽ ഭരണത്തിനു നേതൃത്വം നൽകുന്ന തങ്ങൾ കുടുക്കുമെന്ന ഭീഷണിയാണ് ബിജെപി നേതാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിക്കു വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ സാധിക്കില്ലെന്നും മകളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നും ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ പ്രസംഗിച്ചതിനേക്കുറിച്ചു ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ഇങ്ങനെയുള്ള പല ഭീഷണികളും വളരെ കാലം മുന്പേ പറഞ്ഞു തുടങ്ങിയതാണ്. ജയിലിൽ കിടക്കേണ്ടി വരുമെന്നൊന്നുമായിരുന്നില്ല അത്.
മറ്റുള്ളവരുടെ കാര്യത്തിൽ ആരും വിധികർത്താക്കളാകരുത്. അതൊന്നും നടക്കില്ലെന്നു നമ്മുടെ നാട് തെളിയിച്ചതാണ്.
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സർക്കാർ ഇടപെട്ടു എന്നോ തെറ്റായ എന്തെങ്കിലും കാര്യങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായെന്നോ ആരും ആരോപിച്ചിട്ടില്ല. അപ്പോൾ അതൊരു ഭീഷണിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കു നേരെയുള്ള ഭീഷണി.
സർക്കാർ ഇടപെട്ട് കേസ് അവസാനിപ്പിക്കണം. അല്ലെങ്കിൽ മകളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നാണു പറയുന്നത്.
ഇപ്പോൾ പലവക സംരക്ഷണത്തിലിരിക്കുന്നയാളാണു താൻ. അതൊന്നുമില്ലാതിരുന്ന കാലത്തും ഇത്തരം ഭീഷണികളെ എങ്ങനെയാണ് അതിജീവിച്ചതെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്.
എന്നാൽ ഈ ഭീഷണിക്കു പിന്നിലുള്ള സന്ദേശത്തെ ഗൗരവമായി കാണേണ്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.