അന്തിക്കാട്: വിവാഹ സത്കാരത്തിനു പകരം പ്രളയദുരിത ബാധിതരായ 150 കുടുംബങ്ങൾക്ക് പലവ്യഞ്ജനക്കിറ്റുകളും തകർന്ന നാലുവീടുകൾ പണിയാൻ ധനസഹായവും.
അന്തിക്കാട് കല്ലിട വഴി മാണിക്കത്ത് വിജയന്റെ മകൻ സജയ് യുടെ വിവാഹത്തിനോടനുബന്ധിച്ച് നടത്താനിരുന്ന വിരുന്ന് സത്കാരം മാറ്റിവച്ച് പ്രളയത്തിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന 150 വീടുകൾക്ക് അരി, പഞ്ചസാര, പരിപ്പ്, പയർ, മുളക് പൊടി, വെളിച്ചെണ്ണ, ചായല, അടങ്ങിയ ഒരു കിറ്റ് നൽകുന്നതിനും പരിപൂർണമായി വീടു നഷ്ട്ടപ്പെട്ട നാലു വീടുകൾക്ക് 10,000/ രൂപ വീതം നൽകുന്നതിനും തീരുമാനിച്ച് മാണിക്യത്ത് കുടുംബം മാതൃകയായി.
സെപ്റ്റംബർ ഒന്പതിനാണ് വിവാഹമെങ്കിലും ഇന്ന് വൈകീട്ട് നാലിന് കല്ലിട വഴിയിലെ വീട്ടിൽ കിറ്റുകളും ധനസഹായവും കൈമാറും. പ്രളയത്തിൽപെട്ട് വീട് പൂർണമായും തകർന്ന നാലു കുടുംബങ്ങൾക്കാണ് ധനസഹായം നൽകുന്നത്. വീടൊന്നിന് പതിനായിരം രൂപയാണ് നൽകുന്നത്. 150 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് അവരവരുടെ വീടുകളിലേക്ക് എത്തിക്കുമെന്നും വരന്റെ സഹോദരനും ഗുരുവായൂർ ടെന്പിൾ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ എം. സുജയ് പറഞ്ഞു.
വീടുകൾ പൂർണമായും തകർന്ന അന്തിക്കാട് കല്ലിട വഴി സ്വദേശികളായ കൊടപ്പുള്ളി വീട്ടിൽ സൗഭാഗ്യവതി. കാരണത്ത് ശാന്തൻ, ചക്കാണ്ടത്ത് കാഞ്ചന, കാരണത്ത് അംബുജം എന്നിവർക്കാണ് വീടുകൾ പുതുക്കിപ്പണിയാൻ സഹായം നല്കുന്ന ത്. അരിന്പൂർ കൈപ്പിള്ളി സ്വദേശി കനിയത്ത് വീട്ടിൽ നിത്യയുമായുള്ള വിവാഹം സെപ്റ്റംബർ ഒന്പതിനാണ്.
വിവാഹം നിശ്ചയിച്ചതുപോലെ നടക്കും എന്നാൽ അന്നേ ദിവസം വൈകീട്ട് രണ്ടായിരത്തോളം പേർക്കായി നിശ്ചയിച്ച പാർട്ടി ഉപേക്ഷിച്ച് ആ പൈസ കൊണ്ടാണ് പ്രളയത്തിൽ അകപ്പെട്ട അയൽവാസികളെയും നാട്ടുകാരെയും രാഷ്ട്രീയവും ജാതിയും മതവും മറ്റൊരു വിഭാഗീയതയും നോക്കാതെ മാണിക്കത്ത് വിജയൻ സഹായിക്കുന്നതും. സ്നേഹത്തോടെ ചേർത്ത് നിറുത്തുന്നതും.