ശ്രീനഗർ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ, 35 വർഷത്തിനുശേഷം ആദ്യമായി ജമ്മു കാഷ്മീർ പുൽവാമ ജില്ലയിലെ ട്രാലിൽ ദേശീയപതാക ഉയർത്തി. ഒരുകാലത്ത് തീവ്രവാദികളുടെയും വിഘടനവാദികളുടെയും കോട്ടയായിരുന്ന ട്രാൽ ടൗണിൽ ഇത്തവണ ദേശഭക്തിഗാനങ്ങൾ അലയടിച്ചു.
ട്രാൽ ചൗക്കിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് ഒരുപക്ഷേ ആദ്യമായിട്ടാണെന്ന് തെക്കൻ കാഷ്മീരിലെ നിവാസികൾ പറഞ്ഞു. തലമുറകളുടെ ഐക്യത്തിന്റെയും രാഷ്ട്രത്തോടുള്ള അവരുടെ പ്രതിബദ്ധതയുടെയും പ്രതീകമായി പ്രായമായവരും യുവാക്കളും കുട്ടികളും സംയുക്തമായി പതാക ഉയർത്തി. രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാഷ്മീർ പോലീസ്, സിആർപിഎഫ് സേനകളുടെ കനത്ത സുരക്ഷയിലായിരുന്നു ട്രാലിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ.