പാരീസ്: ഫ്രാൻസിന്‍റെ അഭിമാന സ്തംഭമായ ഈഫൽ ഗോപുരത്തെ സാക്ഷിയാക്കി മലയാളികൾ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പാരിസിൽ സ്ഥിരതാമസമാക്കിയ ഭാരതീയരും തദ്ദേശീയരും കാണികളായി എത്തിയ ചടങ്ങിൽ മലയാളികളുടെ കൂട്ടായ്മയായ ലെഗ്ളാൻസ് ക്രിയേഷൻസിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഈഫൽ ഗോപുരത്തിന്‍റെ മുൻപിലുള്ള ട്രോക്കഡെറോ, ഒപേറ എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. ബോളിവുഡ് ഗാനങ്ങളും ആഗോള മലയാളികൾക്കിടയിൽ വൻതരംഗം സൃഷ്ടിച്ച ജിമ്മിക്കി കമ്മൽ ഗാനവും ഫ്ളാഷ് മോബിന്‍റെ ഭാഗമായി. പരിപാടിയുടെ സമാപനത്തിൽ ക്രിക്കറ്റ് ഡെമോയും സംഘം അവതരിപ്പിച്ചു. ഇത് ആദ്യമായാണ് ഒരു മലയാളി കൂട്ടായ്മ ഈഫൽ ഗോപുരത്തിന്‍റെ മുന്പിൽ ഫ്ളാഷ് മോബ് സംഘടിപ്പിക്കുന്നത്.
2024 ഒളിംപിക്സിന് വേദിയാകുന്ന പാരിസിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പിന്തുണ അറിയിക്കുക, ഒളിംപിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടായിരുന്നു ഫ്ളാഷ് മോബ് സംഘടിപ്പിക്കപ്പെട്ടത്. ഒളിംപിക്സിൽ ക്രിക്കറ്റിനെക്കൂടി മത്സരയിനമാക്കി ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഫ്രഞ്ച് ക്രിക്കറ്റ് അസോസിയേഷനും തുടരുന്ന ശ്രമങ്ങൾക്കിടയിലാണ് ഫ്ളാഷ് മോബുമായി മലയാളികൾ രംഗത്തെത്തിയതെന്നതും ഏറെ ശ്രദ്ധേയമായി. 1900ലെ ഒളിംപിക്സിന് പാരീസ് വേദിയായപ്പോൾ ക്രിക്കറ്റും ഒരു മത്സരയിനമായിരുന്നു.
പാരിസിലെ ക്രിക്കറ്റ് പ്രേമികളുടെയും നർത്തകരുടെയും കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ലെഗ്ളാൻസ് ക്രിയേഷൻസ് രൂപം കൊണ്ടത്. ഭാവിയിലും ജനപ്രിയ പരിപാടികളും സന്ദേശങ്ങളുമായി പാരിസിലെ ജനതയ്ക്ക് മുന്പിൽ ലെഗ്ളാൻസ് വീണ്ടും അണിനിരക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
റിപ്പോർട്ട്: ജോബി ആന്‍റണി