കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നും സ്ത്രീ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് പോലീസ് പറയുമ്പോഴും ദുരൂഹത തുടരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണ് സേലം സ്വദേശിനി കുമാരി(55)ക്ക് പരിക്കേറ്റത്.
സാരിയില്‍ തൂങ്ങി ഇറങ്ങുന്നതിനിടെ താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. എന്നാല്‍ അടുക്കള അകത്തു നിന്നും കുറ്റിയിട്ട് ഇവര്‍ സാരിയില്‍ തൂങ്ങിയിറങ്ങിയതെന്തിനാണെന്ന കാര്യത്തിലാണ് ദുരൂഹത നിലനില്‍ക്കുന്നത്.
ആത്മഹത്യാ ശ്രമമാണെങ്കില്‍ കെട്ടിടത്തില്‍നിന്നും ചാടിയാല്‍ മതിയയെന്നിരിക്കെ സാരിയില്‍ തൂങ്ങിയിറങ്ങിയത് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ പരിക്കേറ്റ കുമാരിയുടെ മൊഴിയെടുക്കണം. വീഴ്ചയില്‍ തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുമാരിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നതിന് കുമാരിയുടെ മൊഴി നിര്‍ണായകമാണ്. ഫ്ളാറ്റിലെ താമസക്കാരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി വരികയാണ്.
ഇന്നലെ കുറച്ചുപേരുടെ മൊഴികള്‍ രേഖപ്പെടുത്തിയെന്നും ഏതാനും പേരുടെ കൂടി മൊഴിയെടുക്കാനുണ്ടെന്നും പോലീസ് അറിയിച്ചു. ഇതിന് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടനാകൂവെന്നും പോലീസ് വ്യക്തമാക്കി.