കൊച്ചി: കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാള്‍ സ്വദേശി സഞ്ജീവ് സിംഗ് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. സഞ്ജീവ് സിംഗിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പനമ്പിള്ളിനഗറിലെ വിദ്യാനഗറില്‍ സമീപം പ്രമുഖ ഫ്ളാറ്റ് നിര്‍മാതാക്കളുടെ നിര്‍മാണത്തിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്.15 നിലകളും 40 മീറ്റര്‍ ഉയരവുമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കക്ഷണമാണ് സ്ഥാനംതെറ്റി മറിഞ്ഞത്.
ഈ സമയം താഴെ താല്കാലികമായി കെട്ടിയ കമ്പിയില്‍ നിന്ന് സിമന്റ്ചാന്ത് തേക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു സഞ്ജീവ്. ഇയാളുടെ ദേഹത്തേക്കാണ് ബീം ചരിഞ്ഞുവീണത്.
ഈ സമയം സഞ്ജീവിനൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ബീം മറിഞ്ഞു വീഴുന്നത് കണ്ട് മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. 5.5 മീറ്റര്‍ നീളവും 2.4 മീറ്റര്‍ നീളവും 1500 കിലോ ഭാരം വരുന്ന ബീമാണ് മറിഞ്ഞുവീണത്.