തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ തദ്ദേശ വകുപ്പു മന്ത്രി എ.സി.മൊയ്തീനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്തേക്ക് അടിയന്തിരമായി വിളിച്ചു വരുത്തി വിവരങ്ങൾ തേടി.
ഉടൻ തന്നെ തിരുവനന്തപുരത്തെത്താൻ മന്ത്രിയോട് ഇന്നലെ നിർദ്ദേശിക്കുകയായിരുന്നു. തൃശൂരിൽ ഇന്നു വിവിധ പരിപാടികൾ ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് മൊയ്തീൻ ഇന്നലെ തന്നെ തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് പാർട്ടി സെക്രട്ടറിയേറ്റ് നടക്കുന്നതിനാൽ വിശദാംശങ്ങൾ അറിയുന്നതിനാണ് മന്ത്രിയെ വിളിപ്പിച്ചത്.
വടക്കാഞ്ചേരി വിവാദ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയെ നേരിട്ട് വിളിച്ചുവരുത്തിയതെന്നു പറയുന്നു.
രണ്ടുദിവസം മുന്പ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രി മൊയ്തീന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതായാണ് വിവരം. മന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
സെക്രട്ടറിയേറ്റ് യോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലായിരുന്നെങ്കിലും ജില്ലയിൽ പാർട്ടിക്കുണ്ടായ പ്രതിസന്ധി അംഗങ്ങൾ ചർച്ചയ്ക്കെടുക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഫ്ളാറ്റ് വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്നു തന്നെയാണ് വിലയിരുത്തിയത്.
എന്നാൽ എല്ലാ പാർട്ടിയംഗങ്ങളും ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്ന് അംഗങ്ങളെ അറിയിക്കാനാണ് തീരുമാനമെടുത്തു പിരിഞ്ഞത്. പാർട്ടിക്കുള്ളിൽ തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും അത് പുറത്തറിയിക്കാതെ യുഡിഎഫ് എംഎൽഎ അനിൽ അക്കരക്കെതിരെ പോരാടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസിനേക്കാൾ കൂടുതൽ പ്രതിക്കൂട്ടിലാകുന്ന കാര്യങ്ങളാണ് ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഫ്ളാറ്റ് നിർമാണത്തിന് നൽകിയ തുകയിൽനിന്ന് കോടികൾ കൈക്കൂലിയും കമ്മീഷനുമായി പോയത് നാണക്കേടായി തന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പണമിടപാടുകളിലൊന്നും സർക്കാരിന് പങ്കില്ലെന്നത് ജനങ്ങളെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്തിയേ മതിയാകൂവെന്ന് ചില സെക്രട്ടറിയേറ്റംഗങ്ങൾ തന്നെ വ്യക്തമാക്കിയിരുന്നു.