ഭൂമിയിലെ ഏത് ആനന്ദത്തേക്കാളും ആനന്ദമാണ് കുട്ടിക്കുറുമ്പുകൾ. എന്നാൽ കണ്ണൊന്നു തെറ്റിയാൽ കൈവിട്ടുപോകുന്ന കുട്ടിക്കുറുമ്പുകൾ നെഞ്ചിൽ തീകോരിയിട്ടെന്നുംവരും. സ്പെയിനിലെ വിനോദസഞ്ചാര മേഖലയായ ടെനെറൈഫിലുള്ള പ്ലായ പാരായിസോയിൽനിന്നുള്ള കാഴ്ച ഇത്തരത്തിലൊന്നാണ്. ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തിറങ്ങിയ പിഞ്ച് കുഞ്ഞ് ഷെയ്ഡിലൂടെ ഓടിക്കളിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരുടേയും നെഞ്ചിടിപ്പിനെ പിടിച്ചുനിർത്തും.
മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോഴാണ് ഇത്തിരിപ്പോന്ന പെൺകുഞ്ഞ് ബഹുനില ഫ്ളാറ്റിന്റെ നാലാം നിലയിലെ ജനാലവഴി കെട്ടിടത്തിന്റെ ഷെയ്ഡിൽ ഇറങ്ങിയത്. ഒരടിപോലും വീതിയില്ലാത്ത ഷെയ്ഡിലൂടെ ഓടി ബാൽക്കണിയിലേക്കുപോകുന്ന കുട്ടിക്ക് ഇവിടെ കയറിപ്പറ്റാനാവുന്നില്ല. ഉടനെ തിരിച്ചോടി ജനാലവഴി മുറിക്കുള്ളിലേക്ക് പ്രവേശിക്കാനും ശ്രമിക്കുന്നു. കാലൊന്ന് തെറ്റിയാൽ നാല് നിലകളുടെ താഴ്ചയിലേക്കാവും വീഴുക എന്നൊന്നും അറിയാതെയാണ് ഈ കുരുന്നിന്റെ വികൃതി.
ഫ്ളാറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സംഭവംകണ്ട വിനോദ സഞ്ചാരികളിൽ ഒരാൾ വേഗം ഓടി സുരക്ഷാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു.
വിനോദ സഞ്ചാരത്തിനായി ഫിൻലൻഡിൽനിന്ന് എത്തിയ കുടുംബത്തിലെ കുരുന്നാണ് തീക്കളി നടത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ദൃശ്യങ്ങൾ നിമിഷനേരത്തിനുള്ളിൽ വൈറലായി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 3.4 ദശലക്ഷം കാഴ്ചക്കാരും 25,000 കമന്റുകളുമാണ് വീഡിയോക്ക് ലഭിച്ചത്.