കൊച്ചി: ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നും വീണു ഗുരുതര പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ബന്ധുക്കളില്‍നിന്നും പോലീസ് മൊഴിയെടുക്കും.
ബന്ധുക്കള്‍ ഇന്നലെ കൊച്ചിയിലെത്തിയെന്നു വിവരം ലഭിച്ചെന്നും ഇവരില്‍നിന്ന് ഉള്‍പ്പെടെ മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. എന്നാല്‍, എന്നത്തേയ്ക്കു മൊഴിയെടുക്കുമെന്നു വ്യക്തമല്ല.
ചികിത്സയില്‍ കഴിയുന്ന സേലം സ്വദേശിനി കുമാരിയില്‍(55)നിന്നും ആദ്യം മൊഴിയെടുക്കേണ്ടതുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരില്‍നിന്നും എങ്ങനെ മൊഴി ശേഖരിക്കാന്‍ സാധിക്കുമെന്നതിലും അവ്യക്തത നിലനില്ക്കുന്നു.
മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയില്നിന്നുമാണു കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്ത്രീ താഴേക്ക് വീണത്. ഗുരുതര പരിക്കേറ്റ കുമാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നുമാണു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സാരിയില്‍ തൂങ്ങി ഇറങ്ങുന്നതിനിടെ താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനമെങ്കിലും അടുക്കള അകത്തുനിന്നും കുറ്റിയിട്ട് ഇവര്‍ സാരിയില്‍ തൂങ്ങിയിറങ്ങിയതെന്തിനാണെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
ആത്മഹത്യാ ശ്രമമാണെങ്കില്‍ കെട്ടിടത്തില്‍നിന്നും ചാടിയാല്‍ മതിയയെന്നിരിക്കേ സാരിയില്‍ തൂങ്ങിയിറങ്ങിയതു രക്ഷപ്പെടാനുള്ള ശ്രമമായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പരിക്കേറ്റ കുമാരിയുടെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.