കൊച്ചി: ഫ്ളാറ്റിന്റെ ആറാം നിലയിൽനിന്നു വീണ് ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റുടമയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ.
കേസുമായി മുന്നോട്ടു പോവാതിരുന്നാൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും ഉടമയുടെ ബന്ധുക്കൾ വെള്ളപ്പേപ്പറിൽ ഒപ്പുവയ്പിച്ചെന്നും ശ്രീനിവാസൻ ആരോപിച്ചു.
സേലം സ്വദേശിനി രാജകുമാരി (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്പതോടെയാണ് ഇവർ മരണപ്പെട്ടത്.
രാജകുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ഫ്ളാറ്റ് ഉടമ ഇംതിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കുമാരിയെ വീട്ടിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ശ്രീനിവാസന്റെ പരാതി. അത്യാവശ്യമായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിട്ടും പോകാൻ അനുവദിക്കാതെ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി.
കഴിഞ്ഞ അഞ്ചിന് രാവിലെ മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസണ് ഫ്ളാറ്റിലെ ആറാം നിലയിൽനിന്ന് സാരിയിൽ കെട്ടിത്തൂങ്ങി ഇറങ്ങുന്നതിനിടെയാണ് കുമാരി വീണത്.
പത്തടിയിലേറെ ഉയരമുള്ള കാർപോർച്ചിന്റെ കോണ്ക്രീറ്റ് മേൽക്കൂരയിലായിരുന്നു ഇവർ വീണുകിടന്നത്. ആദ്യ ദിവസങ്ങളിൽ കേസെടുക്കാത്തതിൽ വിവിധ കോണുകളിൽനിന്ന് ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ സംഭവം നടന്ന് അഞ്ചാം ദിവസമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇംതിയാസിനെതിരേ മുന്പും ഇത്തരത്തിലുള്ള പരാതികളുണ്ടായിരുന്നുവെന്ന് അയൽവാസികൾ ആരോപിച്ചിരുന്നു.ആദ്യഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവച്ചിട്ടില്ലെന്നായിരുന്നു ഇംതിയാസും ഭാര്യയും മൊഴി നൽകിയത്.
അതേസമയം മോഷണശ്രമത്തിനിടെ അപകടമുണ്ടായതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് ഇംതിയാസും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.