കോട്ടയം: ഫ്ളാറ്റുകളിൽനിന്നും വില്ലകളിൽനിന്നുമുള്ള മാലിന്യം തോട്ടിൽ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പല ഫ്ളാറ്റുകളിലേയും വില്ലകളിലേയും മാലിന്യം വഹിക്കുന്ന പൈപ്പുകൾ തോട്ടിലേക്കാണു നീട്ടിവച്ചിരിക്കുന്നത്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി തോടുകൾ വീണ്ടെടുക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെയാണു മാലിന്യപൈപ്പുകൾ തോട്ടിലേക്കു വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനസംയോജന പദ്ധതി ജനകീയ കൂട്ടായ്മ ഇന്നു കളക്ടർക്കു ഇതുസംബന്ധിച്ചു പരാതി നൽകുമെന്ന് വിജയപുരം പഞ്ചായത്ത് കോ-കോർഡിനേറ്ററും മുപ്രക്കള്ളി-തുരുത്തേൽ തോട് പുനരുദ്ധാരണസമിതി കണ്‍വീനറുമായ പോൾസണ്‍ പീറ്റർ പറഞ്ഞു. കക്കൂസ് സേഫ്റ്റി ടാങ്കിൽനിന്നുള്ള മാലിന്യ പൈപ്പുകൾ മിക്ക ഫ്ളാറ്റുകളിൽനിന്നും വില്ലകളിൽനിന്നും തോടിന്റെ അടിത്തട്ടിലേക്കാണു നീട്ടിവച്ചിരിക്കുന്നത്. ഇതുവഴി മാലിന്യം തോട്ടിൽ വീഴുകയാണു പതിവ്.
മുപ്രക്കള്ളി-തുരുത്തേൽ തോട് നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം തോട് തെളിക്കുന്നതിനിടെ ഇത്തരത്തിലുള്ള പൈപ്പ് കണ്ടെത്തുകയും പ്രതിഷേധം ഉണ്ടാകുകയും ചെയ്തു. താന്നിയ്ക്കപ്പടിയ്ക്കുസമീപം പുതുശേരി മുതൽ മുപ്രക്കള്ളി, ഇഞ്ചിക്കാല, തുരുത്തേൽപാലം, കഞ്ഞിക്കുഴി പാലം വരെയുള്ള മൂന്നു കിലോമീറ്റർ തോട് നാല് ലക്ഷം രൂപ മുടക്കിയാണു നവീകരിക്കുന്നത്.
മാലിന്യം നീക്കം ചെയ്തും തോടിന്റെ ഇരുവശവും തെളിച്ചു വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കുന്ന പദ്ധതി ആരംഭിച്ചിട്ടു നാളുകളായി. ജനകീയ കൂട്ടായ്മ ജില്ലാ കോ ഓർഡിനേറ്റർ കെ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയ്ക്കു പുറമേ തരിശായി കിടക്കുന്ന പാടങ്ങളിൽ നെൽ കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മുപ്രക്കള്ളി കലുങ്കിന്റെ അടിവശത്തു കൂടിയാണു മാലിന്യ പൈപ്പ് തോട്ടിലേക്കു വെള്ളം വീഴുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്നത്. തോടിനു സംരക്ഷണി ഭിത്തി നിർമിച്ചിരിക്കുന്ന കൽക്കെട്ടിനു പിന്നിൽ പൈപ്പ് അവസാക്കുന്നരീതിയിലാണു സ്ഥാപിച്ചിരിക്കുന്നത്.
പുറത്തുനിന്നും നോക്കിയാൽ പൈപ്പ് കാണാൻ സാധിക്കില്ലെങ്കിലും കൽക്കെട്ടിനുള്ളിലൂടെ മാലിന്യം തോട്ടിലേക്കു വീഴുകയാണ്. മുന്‍പും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധം ശക്തമാകുന്പോൾ മാലിന്യം പുറന്തള്ളുന്ന പൈപ്പുകൾ അടച്ചുവയ്ക്കുകയും ഏതാനും ദിവസങ്ങൾ കഴിയുന്പോൾ മാലിന്യം പൈപ്പ് തുറന്നു വയ്ക്കുകയുമാണു ചെയ്യുന്നത്.
നിരവധി തൊഴിലാളികൾ ചേർന്നാണു തോട് നവീകരണം നടത്തുന്നത്. പ്രദേശത്ത് അസഹ്യമായ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണു മാലിന്യം പൈപ്പുകൾ തോടിന്റെ സംരക്ഷണ ഭിത്തിയ്ക്കുസമീപം സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മാലിന്യം നിക്ഷേപിക്കുന്നതിനെ നടപടി സ്വീകരിക്കണമെന്നു മുപ്രക്കള്ളി-തുരുത്തേൽ തോട് പുനരുദ്ധാരണസമിതി പ്രസിഡന്റ് സച്ചു ജോർജും സെക്രട്ടറി സുരേഷ് ഐയ്യരുകാലായിലും ആവശ്യപ്പെട്ടു.