കുന്നംകുളം: പട്ടണത്തിൽ നിലനിൽക്കുന്ന കെട്ടിടങ്ങളിൽ സുരക്ഷയുടെ ഭാഗമായി ഫയർഫോഴ്സ് വിഭാഗം പരിശോധനകൾ ആരംഭിച്ചു. കെട്ടിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് കുന്നംകുളം അഗ്നിരക്ഷാ സേന അംഗങ്ങൾ പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ദുരന്തനിവാരണ നിയമപ്രകാരം എല്ലാ കെട്ടിടങ്ങളെയും നിയമത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരങ്ങളിൽ 16 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിലാണ് അഗ്നിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നത്. കെട്ടിടങ്ങളുടെ പരിശോധനകൾ പൂർത്തീകരിച്ച ശേഷം കെട്ടിടങ്ങളുടെ വിശദാംശങ്ങൾ, നിലവിലുള്ള സൗകര്യങ്ങൾ എന്നിവ ജില്ലാ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് സംസ്ഥാനതലത്തിലേക്ക് അറിയിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്.
സംസ്ഥാനത്ത് പലയിടങ്ങളിലും കെട്ടിടങ്ങളിലെ തീപിടുത്തം സാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിശോധനകൾക്ക് അഗ്നിരക്ഷാസേന വിഭാഗങ്ങൾ തയ്യാറായിരിക്കുന്നത്. കുന്നംകുളം പട്ടണത്തിലെ പല കെട്ടിടങ്ങളും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ് പരാതി. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദ്ദേശങ്ങളും നൽകുന്നുണ്ട്.
കുന്നംകുളം പട്ടണത്തിലെ വിവിധ ഓഡിറ്റോറിയങ്ങൾ, സിനിമാ തീയറ്ററുകൾ എന്നിവയിൽ പരിശോധനകൾ നടന്നു. നേരത്തേതന്നെ അഗ്നിരക്ഷാസേന വിഭാഗങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പല കെട്ടിട ഉടമകളും പാലിച്ചിട്ടില്ലെന്നും സുരക്ഷാസംവിധാനങ്ങൾ ഇവർ ഒരുക്കി നൽകുന്നില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഫയർ സ്റ്റേഷൻ ഓഫീസർ വൈശാഖ് പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികൾ സ്വീകരിക്കാൻ നഗരസഭയോട് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ സർക്കാർ നിയമങ്ങൾ കർശനമാക്കിയതോടെ നഗരസഭയുമായി സഹകരിച്ചുകൊണ്ട് കെട്ടിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനും ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കുന്നതിനും ആണ് ഫയർ വിഭാഗത്തിന്റെ തീരുമാനം.