കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാലു നില ഫ്ളാറ്റില്‍ തീപിടിത്തം. മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ഇന്ന് രാവിലെ 7.30 -നാണ് കുന്നുംപുറത്തുള്ള അമൃത അവന്യൂ ഫ്ളാറ്റിൽ തീപിടിത്തമുണ്ടായത്.
രണ്ടാമത്തെ നിലയിലാണ് തീയും പുകയും ആദ്യം ഉണ്ടായത്. ആ സമയത്ത് ഫ്ളാറ്റില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പതു പേര് ഉണ്ടായിരുന്നു. ഉടന്‍ തന്നെ ചേരാനല്ലൂര്‍ പോലീസും ഏലൂര്‍, ഗാന്ധിനഗര്‍, തൃക്കാക്കര, ആലുവ, ഫാക്ട് എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി.
എയര്‍ കണ്ടീഷന്‍ഡ് മുറികള്‍ ആയതിനാല്‍ പെട്ടെന്ന് പുക ഉയര്‍ന്നു. മറ്റു നിലകളിലേക്കു തീയും പടർന്നു. ഫ്ളാറ്റില്‍ അകപ്പെട്ടിരുന്നവരെ ഗ്ലാസ് ഡോറുകള്‍ പൊട്ടിച്ചാണ് പുറത്തിറക്കിയത്.
പൂര്‍ണിമ, കൃഷ്ണപ്രിയ, ആയൂബ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പൂര്‍ണിമയുടെ പൊള്ളല്‍ സാരമായതാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു. രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണയ്ക്കാനായത്. ഏകദേശം 80 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.