കൊച്ചി: കേരളം ഏറെ നെഞ്ചിടിപ്പോടെ കാത്തിരുന്ന മരട് ഫളാറ്റ് പൊളിക്കൽ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. കോടതി വിധി നടപ്പാക്കാനായതിൽ സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെല്ലാം സമാധാനിക്കാം. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ ഫ്ളാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ആകാംഷാ ഭരിതരായി അതുനോക്കി നിന്നവർക്ക് അതുസമയം പോക്കു മാത്രമായിരുന്നു.
പക്ഷേ ഉള്ളുലഞ്ഞത് അവിടുത്തെ താമസക്കാരുടെയായിരുന്നു. നിയമത്തിന്റെ മുന്നിൽ പഴുതുകളില്ലെങ്കിലും തങ്ങൾ ഒരായുഷ്കാലം കൊണ്ട് സന്പാദിച്ച കിടപ്പാടം ഒരു സെക്കൻഡ് കൊണ്ടാണ് ഇല്ലാതായാതെന്ന യാഥാർഥ്യം അവർ ഉൾക്കൊണ്ടു കഴിഞ്ഞു. കോടതിവിധി മറികടക്കാനാവില്ലെന്നറിയാവുന്നതുകൊണ്ടു തന്നെ ഒരുതരം നിർവികാരതയായിരുന്നു ഉടമകളിൽ പലർക്കും.
വർഷങ്ങളായി ഒരുമിച്ചു കഴിഞ്ഞവരെല്ലാം വിവിധ സ്ഥലങ്ങളിലായ് ചിതറിക്കഴിഞ്ഞു. തൽകാലം താമസിക്കാനായ് സർക്കാർ ഫ്ളാറ്റുകൾ ഒരുക്കുമെന്നു പറഞ്ഞെങ്കിലും പലർക്കും അതൊന്നും ലഭിച്ചില്ല. സ്വന്തമായി ഫ്ളാറ്റോ വീടോ വാങ്ങാൻ ഇവിടുത്തെ താമസക്കാരിൽ ഭൂരിപക്ഷത്തിനും ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാർ നൽകിയ ഇടക്കാല നഷ്ടപരിഹാരമാണ് ഇവർക്ക് ലഭിച്ച ഏക ആശ്വാസം.
ഇടക്കാല നഷ്ടപരിഹാരമായി സർക്കാർ ഇതുവരെ 58.11 കോടി രൂപ നൽകി കഴിഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരം 25 ലക്ഷം രൂപ വീതമാണ് ഉടമകൾക്ക് നൽകുന്നത്. 266 പേരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. എന്നാൽ ഇതിൽ 22 പേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് മരട് ഭവന സംരക്ഷണ സമിതി അറിയിച്ചു.
ബിൽഡർമാരും അവരുടെ ബന്ധുക്കളുമായ ആറുപേരും നഷ്ടപരിഹാരത്തിനായ് അപേക്ഷ നൽകിയിരുന്നു. ഇവർക്കു പക്ഷേ നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഫ്ളാറ്റ് ഉടമകളിൽ നിന്നു വാങ്ങിയ പണം മുഴുവൻ കെട്ടിവയ്ക്കാൻ ബിൽഡർമാരോട് ജസ്റ്റീസ് ബാലകൃഷ്ണൻ സമിതി നിർദേശിച്ചിരുന്നു. എന്നാൽ ചില ബിൽഡർമാർ ഇനിയും പണം കെട്ടിവച്ചിട്ടില്ല. പ്രാഥമിക നഷ്ടപരിഹാരമായാണ് 25 ലക്ഷം വീതം ഉടമകൾക്ക് നൽകാൻ സുപ്രീംകോടതി നിർദേശിച്ചത്.