കൊച്ചി: ഫ്ലാറ്റിന്റെ ആറാം നിലയില്‍നിന്നും വീണ് വീട്ടുജോലിക്കാരിക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമയെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
സേലം സ്വദേശിനി കുമാരി(55)യ്ക്കു പരിക്കേറ്റ സംഭവത്തില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസിനെയാണു എറണാകുളം സെന്‍ട്രല്‍ പോലീസ് ചോദ്യം ചെയ്യുക. ഇയാളെ ഉടന്‍തന്നെ ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ ഇയാളുടെയും ഫ്ലാറ്റിലെ മറ്റു താമസക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണു വീണ്ടും ചോദ്യം ചെയ്യുക.
കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു നിലവില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫ്ലാറ്റ് ഉടമ കുമാരിയെ വീട്ടില്‍ തടഞ്ഞുവച്ചെന്നാണ് ഇയാൾ മൊഴിനൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണു പോലീസ് കേസെടുത്തത്.
സംഭവം നടന്ന് അഞ്ചാം ദിവസമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ കേസെടുക്കാത്തതില്‍ വിവിധ കോണുകളില്‍നിന്ന് ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.
മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിലെ ആറാം നിലയില്‍നിന്നും കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു സ്ത്രീ താഴേക്ക് വീണത്. പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലായിരുന്നു ഇവര്‍ വീണുകിടന്നിരുന്നത്.
ഗുരുതര പരിക്കേറ്റ കുമാരി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററില്‍ കഴിഞ്ഞുവരികയാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തേണ്ടതു കേസില്‍ നിര്‍ണായകമാണ്.
അതേസമയം ഫ്ലാറ്റ് ഉടമ യ്ക്കെതിരേ അയൽവാസി മാധ്യമങ്ങളോടു പ്രതികരിച്ചു. അപകടം ഉണ്ടായ ഉടൻ ഫ്ലാറ്റുടമ പുറത്തേക്കു പോകുന്നതു കണ്ടെന്നാണ് അയൽവാസി പറഞ്ഞത്. പോലീസ് തന്റെ മൊഴിയെടുത്തില്ലെന്നും ഇദ്ദേഹം ആരോപിച്ചു.