മരട്: ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഫ്ളാറ്റുകളുടെ നിർമാണത്തിന് പഞ്ചായത്ത് ഭരണസമിതി വഴിവിട്ട സഹായങ്ങൾ നൽകിയെന്നതിന്റെ സൂചനകൾ പുറത്തു വരുന്നു. നിർമാണത്തിനുള്ള തടസങ്ങൾ ഒഴിവാക്കാൻ രേഖയിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. 2006 മാർച്ച് മൂന്നിലെ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ ഔദ്യോഗിക രേഖയായ മിനിട്ട്സ് ബുക്കിലാണ് കൃതൃമം നടന്നതിന്റെ വ്യക്തമായ സൂചന കാണുന്നത്. മിനിട്ട്സ് തീരുമാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പേജ് 35 ൽ ഒടുവിലായി എട്ടാം നമ്പരായാണ് കൂട്ടിച്ചേർക്കലുകൾ വരുത്തിയിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയുംവിധം നടത്തിയ കൂട്ടിച്ചേർക്കലിൽ പറയുന്നത് ഇങ്ങനെ: സിആർഇസഡ് തരംതിരിവിൽ സംഭവിച്ചിട്ടുള്ള അപാകത മരട് ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് വളരെ ഗൗരവകരമാണ്. കോടതി നിരീക്ഷണങ്ങളും കണക്കിലെടുത്ത് അടിയന്തിരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതിനും സിആർഇസഡ് രണ്ടിൽ പരിഗണിച്ചു നൽകിട്ടുള്ള നിർമാണ അനുമതികളും നിർമാണ പ്രവർത്തനങ്ങളും തടസപ്പെടാനിടയാകരുതെന്ന് കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചു നിശ്ചയിച്ചു.
വ്യത്യസ്ത നിറങ്ങളിലുള്ള മഷിയിൽ രണ്ടു തരത്തിലാണ് മിനിട്ട്സിലെ എഴുതി ചേർക്കലുകൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാവും. സിപിഎം ഭരണ കാലത്തെ സമാനമായ മൂന്നു മിനിട്ട്സ് രേഖപ്പെടുത്തലുകൾ പിന്നീട് ഹൈക്കോടതിൽ രേഖകളായി ഹാജരാക്കിയാണ് ഫ്ളാറ്റു നിർമാതാക്കൾ തങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതിനായി ഉപയോഗപ്പെടുത്തിയതെന്നും ആരോപണമുണ്ട്.
മാധ്യമ വാർത്തകളെ തുടർന്ന് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം ഉയർന്നുവന്നു. മിനിട്ട്സ് രേഖപ്പെടുത്തൽ തങ്ങളുടെ അറിവോടെയല്ലെന്നായിരുന്നു കോൺഗ്രസ് അംഗങ്ങൾ വാദിച്ചത്. രേഖപ്പെടുത്തലുകളും, തീരുമാനങ്ങളും അടുത്ത യോഗത്തിൽ വായിക്കണം എന്ന കീഴ്വഴക്കവും സിപിഎം ഭരണകാലത്ത് ഉണ്ടാവാറില്ലെന്നും അന്നത്തെ പഞ്ചായത്ത് അംഗവും ഇപ്പോഴത്തെ കൗൺസിലറുമായ പി.ജെ. ജോൺസൺ പറഞ്ഞുവച്ചു.വ്യത്യസ്ത നിറങ്ങളിലും കൈപ്പടയിലുമുള്ള കൂട്ടിച്ചേർക്കലുകളിൽ തങ്ങൾക്ക് പങ്കില്ലെന്നും അന്നത്തെ പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു.