ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. ഫ്ളാറ്റിലെ താമസക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് കോടതിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ സർക്കാർ താമസക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. ഈ തുക ഫ്ളാറ്റുടമകളിൽ നിന്ന് പിന്നീട് ഈടാക്കണം.സമഗ്രമായി പരിശോധിച്ച് കണക്കെടുപ്പ് നടത്തിയതിനു ശേഷം ബാക്കി തുക തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഫ്ളാറ്റിലെ താമസക്കാർക്ക് മതിയായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു 90 ദിവസങ്ങൾ വേണമെന്നും അതിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ ഒരു മാസം കൂടി സമയം ആവശ്യമുണ്ടെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ സർക്കാരിനു ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാരിന്റെ ചെലവിൽ മറ്റ് ഏജൻസികൾക്ക് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. മരട് വിഷയത്തിൽ നിലവിലെ സ്ഥിതിയും കൈക്കൊണ്ട നടപടികളും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചപ്പോഴായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.